23 September Wednesday

വിഖ്യാത ഉർദു കവി രാഹത്ത്‌ ഇൻഡോറി വിട ചൊല്ലി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ന്യൂഡൽഹി
വിഖ്യാത ഉർദു കവിയും ഗാനരചയിതാവുമായ രാഹത്ത്‌ ഇൻഡോറി (70‌‌‌‌‌) വിടവാങ്ങി. കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഇൻഡോറിലെ അരബിന്ദോആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെതുടർന്ന്‌ ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചോടെയായിരുന്നു അന്ത്യം. 

ഉർദു സാഹിത്യരം​ഗത്തെ അതികായനായ അദ്ദേഹത്തിന് ലോകമെങ്ങും ആരാധകരുണ്ട്. രാഹത്ത്‌ ഇൻഡോറി മൂന്ന്‌ പതിറ്റാണ്ടുമുമ്പ്‌ എഴുതിയ കവിതയിലെ വരികളാണ് പൗരത്വനിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും‌ എതിരായ പ്രക്ഷോഭങ്ങളിൽ ഏറ്റവും കൂടുതൽ അലയടിച്ചത്. ‘സബീ കാ ഖൂൻ ഹേ ശാമിൽ യഹാം കി മിട്ടീ മേൻ. കിസീ കേ ബാപ്‌ കാ ഹിന്ദുസ്ഥാൻ തോഡീ ഹേ’ (എല്ലാവരുടെയും ചോര ഈ മണ്ണിൽ  അലിഞ്ഞുചേർന്നിരിക്കുന്നു. ഈ രാജ്യം ആരുടെയും പിതൃസ്വത്തല്ല) എന്ന വരികൾ  പ്ലക്കാർഡുകളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് രാഹത്തിന്റെ മൂർച്ചയേറിയ വരികൾ ഏകാധിപത്യപ്രവണതയെ കുത്തിനോവിച്ചു. അഞ്ച്‌ പതിറ്റാണ്ടായി ഉർദു മുഷായിരാകളിലെ (കാവ്യസദസ്സ്‌) സജീവസാന്നിധ്യം.

2015ൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ്‌ അഖ്‌ലാഖിനെ മർദിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ‘അവാർഡ്‌ വാപസി’ (പുരസകാരം മടക്കിനൽകൽ) പ്രസ്ഥാനത്തിന്‌ അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രാജാവ്‌ നഗ്നനാണെന്നു പറയാൻ ധൈര്യം കാണിച്ച കവികളുടെ പരമ്പരയിലെ കണ്ണിയായിരുന്നു രാഹത്ത്‌ ഇൻഡോറിയെന്ന്‌ പ്രശസ്‌ത കവിയും ഗാനരചയിതാവുമായ ജാവേദ്‌ അക്തർ അനുശോചിച്ചു. മുന്നാഭായ്‌ എംബിബിഎസ്‌, ഇഷ്‌ക്‌, കരീബ്‌, ഖാതക്‌, മർഡർ‌ തുടങ്ങിയ സിനിമകൾക്കുവേണ്ടി അദ്ദേഹം രചിച്ച ഗാനങ്ങള്‍ ജനപ്രിയമായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top