19 August Monday

റഫേൽ ഹർജികൾ വിധി പറയാൻ മാറ്റി

സ്വന്തം ലേഖകൻUpdated: Saturday May 11, 2019

ന്യൂഡൽഹി > റഫേൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന 2018 ഡിസംബറിലെ വിധിക്ക‌് എതിരായ പുനഃപരിശോധനാഹർജികളിലും രാഹുൽ ഗാന്ധിക്ക‌് എതിരായ കോടതിയലക്ഷ്യഹർജിയിലും സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി.

തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന‌് സർക്കാരിനെതിരെ നടപടി സ്വീകരിക്കണമെന്ന‌് പുനഃപരിശോധനാഹർജി സമർപ്പിച്ചവർ നൽകിയ മറ്റൊരു അപേക്ഷയിലും ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ പ്രത്യേക ബെഞ്ച‌് വാദംകേൾക്കൽ പൂർത്തിയാക്കി.

മെയ്‌ 13 മുതൽ ജൂൺ 30 വരെ കോടതി വേനൽക്കാല അവധിയായതിനാൽ, തെരഞ്ഞെടുപ്പ‌് ഫലത്തിന‌ുശേഷമേ നിർണായക വിധിയുണ്ടാകുകയുള്ളൂ. റഫേൽ ഇടപാടിലെ ക്രമക്കേടുകൾ എഫ‌്ഐആർ രജിസ‌്റ്റർ ചെയ‌്ത‌് വിശദമായി അന്വേഷിക്കണമെന്ന‌് പുനഃപരിശോധനാഹർജി ഫയൽ ചെയ‌്തവർക്കായി അഡ്വ. പ്രശാന്ത‌്ഭൂഷൺ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ  കൈമാറിയ രേഖകളിലെ തെറ്റായവിവരങ്ങളുടെ അടിസ്ഥാനത്തിലാണ‌് ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തിൽ സുപ്രീംകോടതി എത്തിയത‌്. അഴിമതിക്ക‌് എതിരായ വ്യവസ്ഥകൾ ഉൾപ്പെടെ എട്ട‌് നിർണായകവ്യവസ്ഥ റഫേൽ കരാറിൽനിന്ന‌് ഒഴിവാക്കിയ വസ‌്തുത സർക്കാർ  മറച്ചുവച്ചു. കരാറിന്റെ പേരിൽ നിഗൂഢമായ പല നീക്കങ്ങളും അണിയറയിൽ നടന്നിട്ടുണ്ട്‌. അതെല്ലാം വെളിച്ചത്ത‌് കൊണ്ടുവരാൻ സ്വതന്ത്രമായ അന്വേഷണം വേണമെന്നാ‌ണ‌് ആവശ്യപ്പെടുന്നതെന്നും പ്രശാന്ത‌്ഭൂഷൺ ആവശ്യപ്പെട്ടു.

റഫേൽ കരാർ രാജ്യത്തിന്റെ എല്ലാപൗരൻമാരുടെയും സുരക്ഷയ‌്ക്കും സ്വൈരജീവിതത്തിനും വേണ്ടിയുള്ളതാണെന്നും ലോകത്തൊരിടത്തും രാജ്യത്തിന‌ുവേണ്ടിയുള്ള കരാറിനെ ചോദ്യംചെയ‌്ത‌് ആളുകൾ കോടതി കയറാറില്ലെന്നും അറ്റോർണിജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. ലളിതാകുമാരി കേസിലെ ഉത്തരവ‌ുപ്രകാരം എഫ‌്ഐആർ രജിസ‌്റ്റർ ചെയ്യണമെന്ന ആവശ്യത്തെക്കുറിച്ച‌് എന്താണ‌് പറയാനുള്ളതെന്ന‌് ജസ‌്റ്റിസ‌് കെ എം ജോസഫ‌് ചോദിച്ചു.  പ്രതിരോധ ഇടപാടുകളിൽ ചിലപ്പോൾ സോവറിൻഗ്യാരന്റി ഒഴിവാക്കാറുണ്ടെന്നും റഷ്യയും അമേരിക്കയുമായുള്ള ചില കരാറുകളിൽ മുമ്പും സോവറിൻ ഗ്യാരന്റി ഒഴിവാക്കിയിട്ടുണ്ടെന്നും എജി അവകാശപ്പെട്ടു. വിലപേശൽ സംഘത്തിലുണ്ടായിരുന്ന മൂന്ന‌് പ്രതിരോധവിദഗ‌്ധർ വിയോജിപ്പ‌് രേഖപ്പെടുത്തിയതിൽ വിശദീകരണമുണ്ടോയെന്ന ചോദ്യത്തിന‌് ആദ്യം അവർ വിയോജിപ്പ‌് രേഖപ്പെടുത്തിയെങ്കിലും ഒടുവിൽ വ്യവസ്ഥകൾ അംഗീകരിച്ചുവെന്ന‌് എജി മറുപടി നൽകി.


പ്രധാന വാർത്തകൾ
 Top