26 May Sunday

‌റഫേൽ അഴിമതി : വീണ്ടും തെളിവുകൾ; സർക്കാരിനു മൗനം

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019

ന്യൂഡൽഹി > റഫേൽ യുദ്ധവിമാനങ്ങളുടെ വിതരണ ഉടമ്പടിയിൽനിന്ന‌് അഴിമതി തടയാനുള്ള വ്യവസ്ഥകൾ കേന്ദ്രസർക്കാർ ഒഴിവാക്കിയതിന്റെ തെളിവുകൾ പുറത്ത‌്. പ്രതിരോധസംഭരണ നടപടിക്രമം(ഡിപിപി–-2013) ലംഘിച്ചാണ‌് ഇളവ‌് നൽകിയത‌്.   കരാർ തുക മൂന്നാംകക്ഷി എന്നനിലയിൽ ഫ്രഞ്ച‌് സർക്കാരിന്റെ അക്കൗണ്ട‌് വഴി കൈമാറണമെന്ന‌് സാമ്പത്തിക ഉപദേഷ്ടാവ‌് സുധാംശു മൊഹന്തി  നിർദേശം വച്ചു. വിമാനനിർമാണ കമ്പനി ദസോൾട്ട‌്  കരാർ കൃത്യമായി പാലിക്കുന്നുവെന്ന‌് ഉറപ്പാക്കാനായിരുന്നു ഇത‌്. എന്നാൽ ഇത‌്  കേന്ദ്രസർക്കാർ അവഗണിച്ചുവെന്ന‌് ‘ദ ഹിന്ദു’ പത്രം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.

റഫേൽ ഇടപാടിൽ വൻക്രമക്കേട‌് നടന്നതിന്റെ അനിഷേധ്യ തെളിവുകൾ പുറത്തുവന്നിട്ടും ബിജെപിയും കേന്ദ്രസർക്കാരും പ്രതികരിച്ചിട്ടില്ല. ഖജനാവിനു ഭീമമായ തുക നഷ്ടപ്പെടാനും രാജ്യത്തിന്റെ പ്രതിരോധസംഭരണം അട്ടിമറിക്കാനും 63,000 കോടി രൂപയുടെ റഫേൽ കരാർ വഴിയൊരുക്കി.

കരാറുകളിൽ അവിഹിത സ്വാധീനം ചെലുത്തുക, ഇടനിലക്കാരെ ഉപയോഗപ്പെടുത്തുക എന്നിവയ‌്ക്ക‌് പിഴ ഈടാക്കാൻ ഡിപിപി–-2013ൽ വ്യവസ്ഥയുണ്ട‌്. കരാറിൽ ഏർപ്പെടുന്ന കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിക്കാനും കേന്ദ്രസർക്കാരിനു സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഇവയടക്കം മർമപ്രധാനമായ എട്ട‌് വ്യവസ്ഥകൾ റഫേൽ ഉടമ്പടിയിൽനിന്ന‌് നീക്കംചെയ്യാൻ 2016 സെപ‌്തംബറിൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധസംഭരണ കൗൺസിൽ(ഡിഎസി) അനുമതി നൽകി.  സർക്കാരുകൾ തമ്മിലുള്ള കരാറും അനുബന്ധരേഖകളും  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ 2016  ആഗസ‌്ത‌് 24നു ചേർന്ന മന്ത്രിസഭയുടെ സുരക്ഷകാര്യസമിതി  അംഗീകരിച്ചശേഷമാണ‌് എട്ട‌് വ്യവസ്ഥകൾ ഡിഎസി  ഒഴിവാക്കിയത‌്.

വിതരണകരാറിൽ ദസോൾട്ട‌് കമ്പനിക്കുപുറമെ,  ഫ്രഞ്ച‌് ആയുധനിർമാണ കമ്പനിയായ എംബിഡിഎയും പങ്കാളിയാണ‌്. കരാറിൽ ബാങ്ക‌് ഗ്യാരന്റിയോ ഫ്രഞ്ച‌് സർക്കാരിന്റെ ഗ്യാരന്റിയോ(സോവറിൻ ഗ്യാരന്റി) വേണ്ടെന്നുകൂടി കേന്ദ്രസർക്കാർ തീരുമാനമെടുത്ത സാഹചര്യത്തിൽ ഈ ഒഴിവാക്കലിനു പ്രാധാന്യമേറെയാണ‌്.

സോവറിൻ ഗ്യാരന്റിയില്ലാത്തതിനാൽ കരാർ തുക ഇന്ത്യ ഫ്രഞ്ച‌് സർക്കാരിന്റെ പേരിലുള്ള മൂന്നാംകക്ഷി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും വിമാനങ്ങൾ നിർമിച്ച‌് കൈമാറുന്ന മുറയ്‌ക്ക‌് ഫണ്ട‌് കമ്പനികൾക്ക‌് കൈമാറുന്ന സംവിധാനം ആവിഷ‌്കരിക്കണമെന്നും പ്രതിരോധസേവനവിഭാഗം സാമ്പത്തിക ഉപദേഷ്ടാവ‌് സുധാംശു മൊഹന്തി 2016 ജനുവരി നാലിനു നിർദേശം നൽകി. സോവറിൻ ഗ്യാരന്റി നഷ്ടമായ സാഹചര്യത്തിൽ ഇത‌് അനിവാര്യമായ നടപടിയാണ‌്.  എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസും ദേശീയസുരക്ഷാ ഉപദേഷ്ടാവ‌് അജിത‌് ഡോവലും നടത്തിയ സമാന്തര വിലപേശലുകളെ തുടർന്ന‌് ഈ നിർദേശവും അട്ടിമറിക്കപ്പെട്ടു.

പണം ഫ്രഞ്ച‌് കമ്പനികൾക്ക‌് നേരിട്ട‌് നൽകുന്നതിനോട‌് റഫേൽ കരാറിനായി വിലപേശൽ നടത്തിയ ഔദ്യോഗിക ഇന്ത്യൻ സംഘത്തിലെ  എം പി സിങ‌്(ഉപദേഷ്ടാവ‌്, വ്യയവിഭാഗം), എ ആർ സുലെ(ഫിനാൻഷ്യൽ മാനേജർ, വ്യോമസേന), രാജീവ‌് വർമ(സംഭരണവിഭാഗം മാനേജർ) എന്നിവർ രേഖാമൂലം  വിയോജിപ്പ‌് രേഖപ്പെടുത്തിയിരുന്നു.

പുതിയ വെളിപ്പെടുത്തലുകൾ തുടർച്ചയായി വരുന്ന സാഹചര്യത്തിൽ റഫേൽ ഇടപാടിനെക്കുറിച്ച‌് ഉന്നതതല അന്വേഷണം വേണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു.  ജെപിസി അന്വേഷണം വേണമെന്ന‌് കോൺഗ്രസ‌് ആവശ്യപ്പെട്ടു. റഫേൽ വെളിപ്പെടുത്തലുകൾ തിങ്കളാഴ‌്ച പാർലമെന്റിലും പ്രതിപക്ഷപ്രതിഷേധത്തിനു ഇടയാക്കി

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top