17 February Sunday

റഫേൽ; ദസോൾട്ടിനുണ്ടായ നേട്ടം 5740 കോടിയെന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ന്യൂഡൽഹി > റഫേൽ  ഇടപാടിൽ വാറന്റിയും ഗ്യാരന്റിയും ഒഴിവായതിലൂടെ ദസോൾട്ട്‌ ഉണ്ടാക്കിയ സാമ്പത്തികനേട്ടത്തെക്കുറിച്ച‌് സിഎജി റിപ്പോർട്ടിൽ പ്രത്യേക പരാമർശമില്ല. ദസോൾട്ടിനുണ്ടായ നേട്ടം 5740 കോടിരൂപയാണെന്ന‌് ഏഴംഗ ഇന്ത്യൻ ചർച്ചാസംഘത്തിലെ മൂന്നുപേർ വിലയിരുത്തിയിരുന്നു. വിലയുടെ താരതമ്യമെല്ലാം പൂർത്തിയാക്കിയ ശേഷമാണ‌് മോഡി സർക്കാർ ഒപ്പുവച്ച കരാറിലെ മറ്റ‌് ന്യൂനതയിലേക്ക‌് സിഎജി കടക്കുന്നത‌്. കരാർ തുകയുടെ 15 ശതമാനം മുൻകൂറായി നൽകുന്നതിന‌് പകരമായി ബാങ്ക‌് ഗ്യാരന്റി നൽകാമെന്ന‌് 2007 ൽ ദസോൾട്ട‌് സമ്മതിച്ചിരുന്നു.

എന്നാൽ, 2015 ൽ ഒപ്പുവച്ച കരാറിൽ ബാങ്ക‌് ഗ്യാരന്റി ഒഴിവാക്കപ്പെട്ടു. 2007ൽ ധാരണയായ തുകയുടെ 10 ശതമാനം ദസോൾട്ട‌് ഉറപ്പുനൽകുന്ന പെർഫോർമൻസ‌് ഗ്യാരന്റിയ‌്ക്കും വാറന്റിയ‌്ക്കുമായിരുന്നു. എന്നാൽ, പുതിയ കരാറിൽ ഇതും ഒഴിവായി.

കരാർ വ്യവസ്ഥകൾ ദസോൾട്ട‌് കൃത്യമായി പാലിക്കുമെന്ന‌് ഉറപ്പുവരുത്താൻ ഫ്രഞ്ച‌് സർക്കാരിൽനിന്ന‌് പരമാധികാര ഉറപ്പ‌് (സോവറിൻ ഗ്യാരന്റി) വാങ്ങണമെന്ന‌് നിയമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട‌് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ‘ലെറ്റർ ഓഫ‌് കംഫർട്ട‌്’ മാത്രമാണ‌് ഫ്രഞ്ച‌് സർക്കാർ നൽകിയത‌്.

ഇന്ത്യ നൽകുന്ന പണം ഫ്രഞ്ച‌് സർക്കാർ കൈകാര്യം ചെയ്യുന്ന എസ‌്ക്രൂ അക്കൗണ്ടിലൂടെ വേണം കൈമാറാനെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല‌. പ്രകരം ഫ്രാൻസിലെ ഒരു പൊതുമേഖലാ ബാങ്കിൽ ദസോൾട്ട‌് ആരംഭിക്കുന്ന അക്കൗണ്ടിലേക്ക‌് ഇന്ത്യ പണം നൽകുന്ന സ്ഥിതിയിലാണ‌് കാര്യങ്ങൾ. കരാർ വ്യവസ്ഥകളിൽ എന്തെങ്കിലും ലംഘനമുണ്ടായാൽ ദസോൾട്ടുമായി നേരിട്ടാകും തർക്കപരിഹാര നടപടികൾ. നടപടികളുടെ തീർപ്പ‌് ഇന്ത്യക്ക‌് അനുകൂലമാണെങ്കിൽത്തന്നെ അതിന‌് അനുസൃതമായി നീങ്ങാൻ ദസോൾട്ട‌് തയ്യാറായില്ലെങ്കിൽ സാധ്യമായ മറ്റ‌് നിയമനടപടികളിലേക്ക‌് രാജ്യത്തിന‌് നീങ്ങേണ്ടതായി വരും–- സിഎജി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top