26 August Monday

റഫേൽ സിഎജി റിപ്പോർട്ട‌്; ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ: സിപിഐ എം

സ്വന്തം ലേഖകൻUpdated: Thursday Feb 14, 2019

ന്യൂഡൽഹി > റഫേൽ ഇടപാടിലെ സിഎജി റിപ്പോർട്ട‌് ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ പ്രസ‌്താവനയിൽ പറഞ്ഞു.  ഓഫ‌്സെറ്റ‌് കരാറുകളിലേക്ക‌് റിപ്പോർട്ട‌് കടക്കുന്നേയില്ല. അതുകൊണ്ട‌് എച്ച‌്എഎൽ എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്നോ റിലയൻസ‌് ഡിഫൻസ‌് എങ്ങനെ ഇടംപിടിച്ചുവെന്നോ പരാമർശിക്കുന്നില്ല. ഇതിനായി മറ്റൊരു റിപ്പോർട്ട‌് തയ്യാറാക്കുമെന്നാണ‌് അറിയുന്നത‌്.

റഫേൽ ഇടപാടിൽ 2007 ലെ കരാറിനേക്കാൾ 2016 ലെ കരാറിൽ 2.86 ശതമാനത്തിന്റെ വിലക്കുറവുണ്ടായതായാണ‌് സിഎജി അവകാശപ്പെടുന്നത‌്. എന്നാൽ, 2007 ലെ കരാറിൽ 126 വിമാനം വാങ്ങുന്നതിൽ ഒരു നിശ‌്ചിത തുകയാണ‌് ധാരണയായിരുന്നത‌്. എന്നാൽ‌, എല്ലാ ചട്ടങ്ങളും ലംഘിച്ച‌് വിമാനങ്ങളുടെ എണ്ണം 36 ആയി വെട്ടിക്കുറച്ചുള്ള പുതിയ കരാറിൽ മോഡി സർക്കാർ എത്തിച്ചേർന്നപ്പോൾ വിമാനങ്ങളുടെ വില 41 ശതമാനമായി ഉയർന്നു. ഇക്കാര്യം സിഎജി പരിശോധിക്കേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. ബാങ്ക‌് ഗ്യാരന്റി ഒഴിവാക്കുക വഴി ദസോൾട്ടിനുണ്ടായ സാമ്പത്തികനേട്ടം 547 ദശലക്ഷം യൂറോയുടേതാണെന്ന‌് ഇന്ത്യൻ ചർച്ചാസംഘം കണക്കുകൂട്ടിയിരുന്നതായി ദി ഹിന്ദു’ ദിനപത്രം വെളിപ്പെടുത്തിയിട്ടുണ്ട‌്.

കൃത്യമായ കണക്കുകൾ ഒഴിവാക്കിയുള്ളതാണ‌് സിഎജി അവതരിപ്പിച്ചിട്ടുള്ള നിഗമനങ്ങളെല്ലാം. സുതാര്യത പൂർണമായും ഒഴിവാക്കിയുള്ള അസ്വഭാവികമായ ഓഡിറ്റ‌് റിപ്പോർട്ടാണിത‌്. ദേശസുരക്ഷ കണക്കിലെടുത്ത‌് യുദ്ധവിമാനങ്ങൾ അടിയന്തരമായി വേണമെന്നും അതുകൊണ്ട‌് പുതിയ കരാറെന്നുമാണ‌് മോഡി സർക്കാർ വാദിച്ചത‌്. എന്നാൽ, സിഎജി റിപ്പോർട്ട‌് പ്രകാരം ആദ്യ 18 വിമാനം 36 മുതൽ 53 വരെ മാസക്കാലയളവിൽ മാത്രമേ ലഭിക്കൂ. ശേഷിക്കുന്നത‌് 67 മാസക്കാലയളവിലും. 108 വിമാനം നിർമിക്കുന്നതിനായി എച്ച‌്എഎല്ലിന‌് സാങ്കേതിക വിദ്യാകൈമാറ്റം ഉറപ്പിക്കുന്നതായിരുന്നു 2007 ലെ ധാരണ. എന്നാൽ, മോഡിയുടെ കരാറിൽ ഇത്തരമൊരു കൈമാറ്റമില്ല. അതുകൊണ്ടുതന്നെ വിമാനങ്ങളുടെ വില ഗണ്യമായി ഇടിയേണ്ടതാണ‌്. എന്നാൽ, അതിന‌് വിരുദ്ധമായാ‌ണ‌് കാര്യങ്ങൾ നടന്നത‌്.

മോഡി സർക്കാരിന്റെ കരാർ കൂടുതൽ ചെലവേറിയതാണെന്ന‌് വ്യക്തമാകുകയാണ‌്. മാത്രമല്ല, വിമാനങ്ങൾ വേഗത്തിൽ ലഭിക്കുകയുമില്ല. വ്യോമസേനയ‌്ക്ക‌് ആവശ്യമായ എണ്ണം വിമാനങ്ങൾ കിട്ടുന്നുമില്ല. ദേശീയസുരക്ഷാ താൽപ്പര്യങ്ങളെ അട്ടിമറിക്കുന്നതാണ‌് ഈ കരാർ.

ഇന്ത്യൻ ചർച്ചാസംഘത്തിലെ സുപ്രധാന അംഗങ്ങൾ മുന്നോട്ടുവച്ച എട്ടുപേജ‌് വിയോജനക്കുറിപ്പിന‌് മറുപടി പറയാൻ സർക്കാർ തയ്യാറാകണം. സുപ്രീംകോടതിയോട‌് ചെയ‌്തതുപോലെ കരാറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കാതെ സിഎജിയെയും ഇരുളിൽ നിർത്തിയോ എന്ന കാര്യത്തിലും സർക്കാർ വ്യക്തത വരുത്തണം.

കരാറുമായി ബന്ധപ്പെട്ട അഴിമതിയും ശിങ്കിടി മുതലാളിത്തവും ഉയർത്തുന്ന ചോദ്യങ്ങൾക്കൊന്നും സിഎജി റിപ്പോർട്ട‌് മറുപടി നൽകുന്നില്ല. ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവരാനാകൂ. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെയും സ്വയംഭരണാധികാരത്തെയും ഏതുവിധമാണ‌് മോഡി സർക്കാർ തച്ചുതകർക്കുന്നുവെന്നതിന‌് മറ്റൊരു ഉദാഹരണമായി മാറുകയാണ‌് സിഎജി റിപ്പോർട്ട‌് –- പിബി പ്രസ‌്താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top