26 August Monday

റഫേലിന്‌ മുടക്കാൻ പണമുള്ള അംബാനിക്ക്‌ കടം വീട്ടാൻ പണമില്ല; പരിഹസിച്ച്‌ സ്വീഡിഷ‌് കമ്പനിയായ എറിക‌്സൺ

സ്വന്തം ലേഖകൻUpdated: Thursday Feb 14, 2019

ന്യൂഡൽഹി > റഫേൽ ഇടപാടിന‌് മുടക്കാൻ പണമുള്ള അനിൽ അംബാനിക്ക‌് കടം വീട്ടാൻ പണമില്ലെന്ന‌് വാദിക്കുന്നത‌് പരിഹാസ്യമെന്ന‌് സ്വീഡിഷ‌് കമ്പനിയായ എറിക‌്സൺ. സുപ്രീംകോടതി പലവട്ടം ഉത്തരവിട്ടിട്ടും തങ്ങളിൽനിന്ന‌്  വാങ്ങിയ 550 കോടിരൂപ കടം തിരിച്ചടയ‌്ക്കാൻ തയ്യാറാകാത്ത അനിൽ അംബാനിയും അദ്ദേഹത്തിന്റെ കമ്പനിയും സുപ്രധാന കരാറുകളിൽ പങ്കാളികളാകുന്നത‌് എങ്ങനെയെന്നും എറിക‌്സണിന‌ുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത‌്ദവേ ചോദിച്ചു. ‘ചക്രവർത്തിമാരെപോലെ എല്ലാ ആഢംബരങ്ങളും ആസ്വദിച്ചാണ‌് അനിൽ അംബാനിയും കൂട്ടരും കഴിയുന്നത‌്.

വൻകിട ഹോട്ടലുകളിൽ താമസിക്കുകയും ആകാശയാത്രകൾ പതിവാക്കുകയും ചെയ‌്ത ധനികന‌് വാങ്ങിയ കടം പറഞ്ഞ സമയത്ത‌് തിരിച്ചുകൊടുക്കാൻമാത്രം പണമില്ലെന്ന‌് പറയുന്നത‌് അവിശ്വസനീയമാണ‌്.

സുപ്രീംകോടതി നിർദേശം പാലിക്കാത്തവർക്ക‌് എതിരെ കടുത്ത നടപടി സ്വീകരിക്കണം’–- ദുഷ്യന്ത‌്ദവേ വാദിച്ചു. അനിൽഅംബാനിക്കും റിലയൻസ‌് കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ (ആർകോം) മറ്റ‌് ഭാരവാഹികൾക്കും എതിരായ കോടതിയലക്ഷ്യ ഹർജികളിൽ വാദംകേൾക്കൽ പൂർത്തിയാക്കി സുപ്രീംകോടതി വിധിപറയാൻ മാറ്റി.

കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി നേരിട്ട‌് ഹാജരാകാൻ നിർദേശിച്ചതിനെ തുടർന്ന‌് അനിൽ അംബാനി ബുധനാഴ‌്ചയും കോടതിയിൽ ഹാജരായി. റിലയൻ‌സ‌് ടെലികോം ലിമിറ്റഡ‌് ചെയർമാൻ സതീഷ‌് സേത്ത‌്, റിലയൻസ‌് ഇൻഫ്രാസ‌്ട്രക‌്ച്ചർ ലിമിറ്റഡ‌് ചെയർപേഴ‌്സൺ ഛായാവിറാനി എന്നിവരും അനിൽ അംബാനിക്കൊപ്പം കോടതിയിൽ എത്തി. എന്നാൽ, എറിക‌്സണുമായി കരാറുണ്ടാക്കിയത‌് ആർകോം കമ്പനിയാണെന്നും ചെയർമാന്റെയും മറ്റ‌് ഉദ്യോഗസ്ഥരുടെയുംമാത്രം വ്യക്തിപരമായ ബാധ്യതയായി ഇതിനെ കാണാനാകില്ലെന്നും അനിൽ അംബാനിക്ക‌ുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ‌്തഗി അവകാശപ്പെട്ടു.

ആർകോമും ജിയോയും തമ്മിലുള്ള ഇടപാടിൽനിന്ന‌് ലഭിക്കുന്ന തുക ഉപയോഗിച്ച‌് കടം വീട്ടാമെന്നാണ‌് എറിക‌്സണുമായുള്ള കരാറിൽ പറഞ്ഞിട്ടുള്ളത‌്. സാങ്കേതിക കാരണങ്ങളാൽ ആ ഇടപാട‌് വൈകിയതാണ‌് കടം വീട്ടാനുള്ള കാലതാമസത്തിനിടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top