19 February Tuesday

റാഫേൽ വിമാന ഇടപാട് ജെപിസി അന്വേഷിക്കണം ;സഭയിൽ ശക്തമായ പ്രതിഷേധം

സ്വന്തം ലേഖകന്‍Updated: Friday Aug 10, 2018

ന്യൂഡൽഹി
പതിനായിരക്കണക്കിന‌് കോടിയുടെ അഴിമതി ആരോപണം ഉയർന്ന റാഫേൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന‌് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ   വൻപ്രതിഷേധം. സിപിഐ എം, കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ രണ്ടുതവണ ലോക്സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നു. റിലയന്‍സിനെ കേന്ദ്രം വഴിവിട്ട് സഹായിച്ചതിലൂടെ രാജ്യത്തിന‌് ശതകോടികളുടെ നഷ്ടമുണ്ടാക്കിയ ഇടപാടിനെക്കുറിച്ച‌്  പ്രതിപക്ഷമുയര്‍ത്തിയ  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി തയാറായില്ല. റാഫേൽ കരാർ രഹസ്യമാണെന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് സിപിഐ എം സഭാ ഉപനേതാവ് മുഹമ്മദ് സലിം ഉൾപ്പെടെയുള്ളവർ നടുത്തളത്തിലിറങ്ങി. വിമാനങ്ങളുടെ വില സുരക്ഷാകാരണങ്ങളാൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് മുഹമ്മദ് സലിം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

മുപ്പത്താറ‌് യുദ്ധവിമാനങ്ങൾ 60,000 കോടി രൂപയ്ക്ക് വാങ്ങാൻ ഫ്രഞ്ച് കമ്പനി ദാസ്സൂദുമായി ഉണ്ടാക്കിയ കരാറിന്റെ ഗുണഭോക്താവ് ഇന്ത്യയിലെ സ്വകാര്യവ്യവസായിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആദ്യം നിശ്ചയിച്ച വിലയുടെ മൂന്നിരട്ടി നൽകിയാണ് വിമാനങ്ങൾ വാങ്ങുന്നത്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിനെ തഴഞ്ഞ് റിലയൻസിനെ കരാറിൽ പങ്കാളിയാക്കി. പ്രതിരോധനിർമാണ മേഖലയിൽ മുൻപരിചയമില്ലാത്ത സ്ഥാപനമാണ് റിലയൻസിന്റേത്. ഇതിനുപിന്നിലുള്ള കള്ളക്കളികൾ അന്വേഷിക്കണമെന്ന് സിപിഐ എം, കോൺഗ്രസ് അംഗങ്ങൾ സഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിൽ കോൺഗ്രസ് സഭാനേതാവ് മല്ലികാർജുൻ ഖാർഗെ വിഷയം ഉന്നയിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, സ്പീക്കർ മറ്റു നടപടികളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചു.

ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. 20 മിനിറ്റ‌് നേരത്തേക്ക് സഭ നിർത്തിവച്ച് വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടർന്നു. രണ്ടുമണിവരെ സഭ വീണ്ടും പിരിഞ്ഞു. റാഫേൽവിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് മുഹമ്മദ് സലിം പറഞ്ഞു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിനെ അവഗണിച്ചതിന‌് സർക്കാർ വിശദീകരണം നൽകണം. നഗ്നമായ പകൽക്കൊള്ളയാണ് നടന്നത്. രാജ്യസുരക്ഷയുടെ പേരിൽ രാഷ്ട്രീയമുതലെടുപ്പിന‌് ശ്രമിക്കുന്നവർ പ്രതിരോധമേഖലയിൽ തട്ടിപ്പിന‌് വഴിയൊരുക്കി‐അദ്ദേഹം പറഞ്ഞു.

വാജ്പേയി സർക്കാരിൽ അംഗങ്ങളായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവരും റാഫേൽ ഇടപാടിൽ അഴിമതി ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്. ബൊഫോഴ്സിനേക്കാൾ ഗുരുതരമായ ഇടപാടാണ് റാഫേലെന്ന് അരുൺ ഷൂരി ചൂണ്ടിക്കാട്ടി. 60,000 കോടി രൂപയുടെ ഇടപാടിൽ 36,000 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായി. സർക്കാർ, വിമാനങ്ങളുടെ വില മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ ഫ്രഞ്ച് കമ്പനിയും അവരുടെ പങ്കാളികളായ റിലയൻസും കരാർത്തുക പുറത്തുവിട്ടു. പ്രതിരോധചരിത്രത്തിലെ ഏറ്റവും വലിയ കരാർ ലഭിച്ചുവെന്നാണ് റിലയൻസ് അവകാശപ്പെടുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top