ന്യൂഡൽഹി
കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ തൊഴിൽ വാഗ്ദാനലംഘനങ്ങൾ പഞ്ചാബ് തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയം. യുവാക്കൾക്ക് 10 ലക്ഷം തൊഴിൽ വാഗ്ദാനം ചെയ്താണ് 2012ൽ ബിജെപി അധികാരത്തിലേറിയത്. ‘ഒരു കുടുംബത്തിൽ ഒരു ജോലി ’ മുദ്രാവാക്യം ഉയർത്തിയാണ് 2017ൽ കോൺഗ്രസ് ജയിച്ചത്. എന്നാൽ, സംസ്ഥാനത്ത് ഇപ്പോഴും തൊഴിലില്ലായ്മ രൂക്ഷം.
സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) കണക്കു പ്രകാരം പഞ്ചാബിൽ എട്ടു ലക്ഷത്തോളം പേർ തൊഴിൽരഹിതരാണ്. 2021 ഡിസംബറിലെ കണക്കു പ്രകാരം സംസ്ഥാനത്ത് 1.03 കോടി പേർ തൊഴിൽ ചെയ്യാൻ ശേഷിയുള്ളവരാണ്. എന്നാൽ, 95 ലക്ഷം പേർക്കുമാത്രമാണ് ജോലിയുള്ളത്. 2017ൽ 99 ലക്ഷം പേർക്ക് തൊഴിലുണ്ടായിരുന്നു. നാലുകൊല്ലത്തിനിടെ നാലുലക്ഷംപേർക്ക് തൊഴിൽ നഷ്ടമായി. 2017ൽ 7.8 ശതമാനമായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്.
എൻഎസ്ഒ സർവേ പ്രകാരം 6.1 ശതമാനമായിരുന്നു ദേശീയ തൊഴിലില്ലായ്മ നിരക്ക്. 2017–-2018ലെ എൻഎസ്ഒ റിപ്പോർട്ട് പ്രകാരം നിരക്ക് 7.4 ശതമാനമായി. എന്നാൽ, ദേശീയ നിരക്ക് 5.8 ശതമാനമായി കുറഞ്ഞു. 2019–-2020ൽ നിരക്ക് 7.4 ശതമാനമായി തുടരുമ്പോൾ ദേശീയ നിരക്ക് 4.8 ശതമാനമായി കുറഞ്ഞു. ദേശീയ നിരക്കും പഞ്ചാബിലെ നിരക്കും തമ്മിലുള്ള വ്യത്യാസം കൂടി.
പഞ്ചാബിൽ മുൻ മന്ത്രി കോൺഗ്രസ് വിട്ടു
മുതിർന്ന നേതാവും മുൻ പഞ്ചാബ് മന്ത്രിയുമായ ജോഗീന്ദർ സിങ് മാൻ കോൺഗ്രസ് വിട്ടു. കോടിക്കണക്കിനു രൂപയുടെ പോസ്റ്റ് മെട്രിക് എസ്സി സ്കോളർഷിപ് കുംഭകോണത്തിലെ കുറ്റവാളികൾക്കെതിരെ നടപടിയില്ലാത്തതിലും ഫഗ്വാരയ്ക്ക് ജില്ലാ പദവി നൽകാത്തതിലും പ്രതിഷേധിച്ചാണ് ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവുകൂടിയായ ജോഗീന്ദർ സിങ് 50 വഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്.
ആം ആദ്മി പാർടിയിൽ ചേരുമെന്നാണ് സൂചന. മൂന്ന് കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. സ്കോളർഷിപ് കുംഭകോണത്തിൽ കോൺഗ്രസിന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ പാർടിയിൽ തുടരാൻ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ വെളിപ്പെടുത്തി.
രണ്ടിടത്ത് മത്സരിക്കാന്‍ ചന്നി
ദളിത് വോട്ട് കോൺഗ്രസിന് അനുകൂലമാക്കുകയെന്ന ലക്ഷ്യത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ചേക്കും. ആദംപുർ, ചംകൗർ സാഹിബ് മണ്ഡലങ്ങളിലാകും മത്സരിക്കുക. ഇതുവഴി പഞ്ചാബിലെ 32 ശതമാനം ദളിത് വിഭാഗങ്ങളെ സ്വാധീനിക്കാനാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ദളിതരിൽ 21 ശതമാനംവരുന്ന രവിദാസ്യ വിഭാഗത്തിൽപ്പെട്ട ചന്നിയെ മുഖ്യമന്ത്രിയാക്കിയതുതന്നെ ഈ ലക്ഷ്യത്തിലായിരുന്നു. 2017ൽ മുഖ്യമന്ത്രിസ്ഥാനാർഥിയായിരുന്ന അമരീന്ദർ സിങ് രണ്ടിടത്ത് മത്സരിച്ചതും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..