17 June Monday

പുൽവാമ, ഉറി ഭീകരാക്രമണങ്ങൾ: വീഴ‌്‌‌ച പഠിക്കാൻ സമിതിയെ വേണമെന്ന‌് ഹർജി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ന്യൂഡൽഹി > പുൽവാമ, ഉറി ഭീകരാക്രമണങ്ങൾക്ക‌് കാരണമായ വീഴ‌്ചകൾ പരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ‌്ജിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കണമെന്ന‌് ആവശ്യപ്പെട്ട‌് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. സമിതിയിൽ സൈന്യത്തിലെയും ഇന്റലിജൻസിലെയും മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ പ്രതിനിധികളും അംഗങ്ങളാകണം. ഭീകരാക്രമണങ്ങൾക്ക‌് രാജ്യത്തിനകത്ത‌ുനിന്ന‌് സഹായം കിട്ടിയിട്ടുണ്ടോയെന്നതും അന്വേഷിക്കണമെന്ന‌് അഭിഭാഷകൻ വിനീത‌് ദണ്ഡ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്.

ഭീകരാക്രമണങ്ങളെ തുടർന്നുണ്ടായ അന്വേഷണത്തിലും നടപടിക്രമങ്ങളിലും മറ്റും വലിയ വീഴ‌്ചകളുണ്ടായെന്ന‌് കേന്ദ്രസർക്കാരും സൈന്യവും കണ്ടെത്തിയിട്ടുണ്ട‌്. എന്നാൽ, ഇവയെന്തൊക്കെയാണെന്നും ആരൊക്കെയാണ‌് ഉത്തരവാദികളെന്നും പുറത്തുവിട്ടിട്ടില്ല. ഉറി ഭീകരാക്രമണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വീഴ‌്ചകളും മറ്റും സമയബന്ധിതമായി പരിഹരിക്കാത്തതാണ‌് പുൽവാമ ആക്രമണത്തിനിടയാക്കിയത‌്. ഹുറിയത്ത‌് കോൺഫ്രൻസ‌് ഉൾപ്പടെയുള്ള വിഘടനവാദി സംഘടനകളുടെയും രാജ്യവിരുദ്ധ നടപടികളെ കുറിച്ച‌് റിപ്പോർട്ട‌് സമർപ്പിക്കാൻ സർക്കാരിനോട‌് നിർദേശിക്കണം.

ഇത്തരം സംഘടനകളുടെയും നേതാക്കളുടെയും ബാങ്ക‌് അക്കൗണ്ടുകൾ മരവിപ്പിക്കണം. വിഘടനവാദി നേതാക്കൾക്ക‌് അനുവദിച്ച സുരക്ഷ സ്ഥിരമായി പിൻവലിക്കണം. അവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന‌് വിലക്കണം. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റുമുള്ള ദേശവിരുദ്ധ, സൈന്യവിരുദ്ധ പ്രചാരണങ്ങളിൽ നടപടി സ്വീകരിക്കണം. ജമ്മു കശ‌്മീരിലെ യുവജനങ്ങളുമായി ഫലപ്രദമായ ആശയസംവാദം നടത്താൻ സർക്കാരുകൾക്കും നിർദേശം നൽകണം. പാകിസ്ഥാനുമായുള്ള സാംസ‌്കാരികബന്ധങ്ങൾ ഉപേക്ഷിക്കാൻ ആവശ്യമായ ഉത്തരവ‌് പുറപ്പെടുവിക്കണം–- തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട‌്.


പ്രധാന വാർത്തകൾ
 Top