23 March Saturday

ഭീകരാക്രമണവുമായി ബന്ധമില്ലെന്നത‌് പാകിസ്ഥാന്റെ സ്ഥിരം ന്യായം: ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ന്യൂഡൽഹി > പുൽവാമയിൽ സുരക്ഷാസേനയ‌്ക്കെതിരായ ആക്രമണം ഭീകര പ്രവർത്തനമാണെന്ന‌് അംഗീകരിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി തയ്യാറാകാത്തതിൽ അൽഭുതമില്ലെന്ന‌് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തെ അപലപിക്കാനോ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാനോ പാക‌് പ്രധാനമന്ത്രി മുതിർന്നില്ല.

പാക്കിസ്ഥാന‌് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ലെന്നത‌് അവർ എപ്പോഴും ആവർത്തിക്കുന്ന ന്യായമാണ‌്. ജെയ‌്ഷെ മുഹമദിന്റെയും ആക്രമണം നടത്തിയ ഭീകരന്റെയും അവകാശവാദങ്ങൾ പാകിസ്ഥാൻ കണ്ടില്ലെന്ന‌് നടിക്കുകയാണ‌്. ജെയ‌്ഷെയും അതിന്റെ നേതാവും പാക്കിസ്ഥാനിലാണ‌് കേന്ദ്രീകരിച്ചിട്ടുള്ളത‌്. പാക്കിസ്ഥാന‌് നടപടിയെടുക്കാൻ ഇതുതന്നെ മതിയായ തെളിവാണ‌്.  തെളിവ‌് നൽകിയാൽ അന്വേഷിക്കാമെന്നത‌് മുടന്തൻ ന്യായമാണ‌്. മുംബൈ ആക്രമണത്തിന്റെ തെളിവുകൾ പാക്കിസ്ഥാന‌് കൈമാറിയിരുന്നു. പത്താൻക്കോട‌് ഭീകരാക്രമണത്തിന്റെ കാര്യത്തിലും സമാനമാണ‌് സ്ഥിതി.
ഭീകരതയിൽ നിന്നും സംഘർഷത്തിൽ നിന്നും സ്വതന്ത്രമായുള്ള അന്തരീക്ഷത്തിൽ സമഗ്രമായ ഉഭയകക്ഷി ചർച്ചയ‌്ക്ക‌് സന്നദ്ധമാണെന്ന‌് ഇന്ത്യ പലവട്ടം

പറഞ്ഞതാണ‌്. തങ്ങളാണ‌് തീവ്രവാദത്തിന്റെ വലിയ ഇരയെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റാണ‌്. ഭീകരതയുടെ നാഡീകേന്ദ്രമാണ‌് പാക്കിസ്ഥാൻ. ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം വരുന്ന പൊതുതെരഞ്ഞെടുപ്പാകും നിർണയിക്കുകയെന്ന പാക്ക‌് പ്രധാനമന്ത്രിയുടെ ദുസൂചന അപലപനീയമാണ‌്. അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത‌് പാക്കിസ്ഥാൻ അവസാനിപ്പിക്കണം. പുൽവാമ ആക്രമണത്തിന‌് പിന്നിൽ പ്രവർത്തിച്ചവർക്കും മറ്റ‌് ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ വ്യക്തവും സ‌്പഷ‌്ടവുമായ നടപടിക്ക‌് പാക്കിസ്ഥാൻ തയ്യാറാകണം–- ഇന്ത്യ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top