18 August Sunday

പുൽവാമ കാർ സ‌്ഫോടനം: അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

ശ്രീനഗർ> പുൽവാമയിൽ കഴിഞ്ഞദിവസം  കാറിൽ സ‌്ഫോടനം ഉണ്ടായതിനെക്കുറിച്ച‌് ഏജൻസികൾ  അന്വേഷണം തുടങ്ങി. ശനിയാഴ‌്ചയാണ‌് ജമ്മു–- ശ്രീനഗർ പാതയിൽ ബനിഹാളിൽ ഹ്യൂണ്ടായ‌് സാൻട്രോ കാർ സ‌്ഫോടനത്തിൽ തകർന്നത‌്.  കാറിലുണ്ടായിരുന്ന ഗ്യാസ‌് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ‌് അപകടത്തിനു കാരണമെന്നാണ‌് ആദ്യനിഗമനം. എന്നാൽ, പുൽവാമ അക്രമത്തിന്റെ മാതൃകയിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നോ എന്ന‌് സംശയമുണ്ട‌്.  കാറിന്റെ ഉടമ ഷോപിയാനിലെ ഹിസ‌്ബുൾ ഭീകരനാണെന്ന‌് തിരിച്ചറിഞ്ഞതോടെയാണ‌് അന്വേഷണം തുടങ്ങുന്നത‌്.

എൻഐഎ സംഘം സ്ഥലം സന്ദർശിച്ചു. ആർപിഎഫ‌് ജവാൻമാർ സഞ്ചരിച്ച വാഹനം വരുന്ന വഴിയിലാണ‌് കാർ നിർത്തിയിട്ടിരുന്നത‌്. ഡ്രൈവർ ഒവൈസ‌് അമീനെ കരസേന കസ‌്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ ഹിസ‌്ബുൾ ഭീകരനാണെന്ന‌് ജമ്മു കശ‌്മീർ എസ‌്‌പി ദിൽബാഗ‌് സിങ് പറഞ്ഞു. കാറിൽനിന്ന‌് ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. ഈ സമയം അതുവഴി കടന്നുവന്ന സിആർപിഎഫിന്റെ വാഹനത്തിന‌് ചെറിയ കേടുപറ്റി. അൽപ്പം അകലെയായി ജവാൻമാരുടെ വാഹനവ്യൂഹം വരുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ‌് മറ്റൊരു ഭീകരാക്രമണത്തിനുള്ള നീക്കമാണോ എന്ന‌് സംശയിക്കുന്നത‌്.

പുൽവാമയിൽ 4 ഭീകരരെ വധിച്ചു

ജമ്മു കശ‌്മീരിലെ പുൽവാമയിൽ നാല‌് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ലഷ‌്കർ ഇ തോയിബയുടെ സജീവ പ്രവർത്തകരായ നാലുപേരും ഒളിച്ചിരിക്കുകയായിരുന്നു. നാല‌് സുരക്ഷാ ഭടന്മാർക്കും പരിക്കേറ്റു. ലാസിപോറയിൽ ഭീകരർ ഒളിച്ചുതാമസിക്കുന്ന രഹസ്യവിവരത്തെതുടർന്ന‌് ഞായറാഴ‌്ച രാത്രി തെരച്ചിൽ തുടങ്ങി. പുലർച്ചയോടെയാണ‌് ഏറ്റുമുട്ടൽ അവസാനിച്ചത‌്. നാലു തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ശനിയാഴ‌്ച പുൽവാമയിൽ ഗ്രനേഡ‌് ആക്രമണത്തിൽ സിആർപിഎഫ‌് ജവാന‌് പരിക്കേറ്റതോടെയാണ‌് തെരച്ചിൽ ഊർജിതമാക്കിയത‌്. ഫെബ്രുവരി 14ന‌് പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയതിനുശേഷം മേഖലയിൽ ഭീകരരുടെ നിരവധി താവളങ്ങൾ കണ്ടെത്തിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top