പുതുച്ചേരി > സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മണിക്കൂറുകൾമാത്രം ശേഷിക്കെ രണ്ട് എംഎല്‍എമാര്‍ കൂടി മറുകണ്ടംചാടിയതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സഖ്യ സർക്കാർ ന്യൂനപക്ഷമായി. മുഖ്യമന്ത്രിയുടെ പാർലമെന്ററി പാർടി സെക്രട്ടറിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ലക്ഷ്മി നാരായണനും ഡിഎംകെ നേതാവ് കെ വെങ്കിടേശനും എംഎല്‍എ സ്ഥാനം രാജിവച്ചു. ഇതോടെ 26 അംഗ സഭയില്‍ ഭരണപക്ഷത്തിന്റെ അംഗബലം 12 ആയി. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങി. പ്രതിപക്ഷത്ത് ബിജെപി അനുകൂലികളായ മൂന്ന് നോമിനേറ്റഡ് അംഗങ്ങളടക്കം 14 പേരുണ്ട്.
നാരായണസ്വാമി സർക്കാർ സഭയെ അഭിമുഖീകരിക്കുമോ രാജിവയ്ക്കുമോ എന്നതില്‍ വ്യക്തതയായിട്ടില്ല. ഞായറാഴ്ച രാത്രി ചേർന്ന കോൺഗ്രസ്–-ഡിഎംകെ നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. തിങ്കളാഴ്ച നിയമസഭ ചേരും മുമ്പ് വീണ്ടും യോഗം ചേരും. വിശ്വാസവോട്ടെടുപ്പിൽ സ്പീക്കർ അനുകൂലമായി നിന്നില്ലെങ്കിൽ രാജിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി നാരായണസ്വാമി. നോമിനേറ്റഡ് ബിജെപി എംഎൽഎമാർക്ക് വോട്ടവകാശം അനുവദിക്കരുതെന്ന കോൺഗ്രസ് ആവശ്യം സ്പീക്കർ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചാവും വിശ്വാസവോട്ട്. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ രാഷ്ട്രപതിഭരണത്തിലേക്ക് അടുക്കുകയാണ് പുതുച്ചേരി.
കോൺഗ്രസ് വിടുന്ന ആറാമത്തെ എംഎൽഎയാണ് ലക്ഷ്മിനാരായണൻ. നേരത്തെ രണ്ട് മന്ത്രിമാരടക്കം നാല് എംഎൽഎമാർ രാജിവച്ചു. ഒരാള്‍ അയോഗ്യനായി. കോൺഗ്രസ് എംഎൽഎ വിജയവേണിയും മറുകണ്ടം ചാടുമെന്ന് റിപ്പോര്‍ട്ടുണ്ട്. രാജ്ഭവൻ മണ്ഡലത്തിൽനിന്നുള്ള എംഎല്‍എയായ ലക്ഷ്മിനാരായണൻ ഞായറാഴ്ച ഉച്ചയ്ക്ക് വാർത്താസമ്മേളനത്തിലാണ് നാടകീയമായി രാജിപ്രഖ്യാപനം നടത്തിയത്. "നാലുതവണ എംഎല്‍എ ആയിട്ടും മന്ത്രിയാക്കിയില്ല, കോണ്‍ഗ്രസ് പുതുച്ചേരി അധ്യക്ഷന്‍ നമശിവായം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പകരം പാര്‍ടി അധ്യക്ഷനാക്കിയില്ല, സ്പീക്കര്‍സ്ഥാനം പോലും തന്നില്ല'-, ലക്ഷ്മിനാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സ്പീക്കറുടെ വീട്ടിലെത്തി രാജിക്കത്ത് നൽകി. പിന്നാലെ തട്ടാൻചാവടി എംഎൽഎ കെ വെങ്കിടേശന് രാജിപ്രഖ്യാപനം നടത്തി. ഡിഎംകെ എംഎല്‍എയുടെ കൂറുമാറ്റം തമിഴ്നാട്ടിലും ചലനം സൃഷ്ടിക്കും. ബിജെപി മുന്നണിയിലുള്ള എന്‍ ആര് കോണ്‍ഗ്രസില്‍ ഇരുവരും ചേർന്നേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..