27 June Thursday

റിസാറ്റ‌്–-2 ബി ലക്ഷ്യത്തിൽ; അയൽരാജ്യങ്ങളുടെ കേന്ദ്രങ്ങൾ നിരീക്ഷിക്കാൻ എക‌്സ‌്ബാന്റ‌് റഡാർ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ശ്രീഹരിക്കോട്ട
പ്രതിരോധ ആവശ്യങ്ങൾക്കുള്ള റിസാറ്റ‌് –-2 ബി ഉപഗ്രഹം ഐഎസ‌്ആർഒ വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ‌്ച ശ്രീഹരിക്കോട്ട സതീഷ‌്ധവാൻ സ‌്‌പെയ‌്സ‌് സെന്ററിൽനിന്ന‌് പിഎസ‌്എൽവി–- സി46 ലാണ‌് ഉപഗ്രഹം തൊടുത്തുവിട്ടത‌്. പുലർച്ചെ 5.30 നായിരുന്നു വിക്ഷേപണം. 615 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഉപഗ്രഹത്തിന്റെ പൂർണ നിയന്ത്രണം ബംഗളൂരുവിലെ ഇസ‌്ട്രാക്ക‌് ഏറ്റെടുത്തു.  ഉപഗ്രഹത്തിൽനിന്ന‌് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി. 

556 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽനിന്ന‌് സൂഷ‌്മതല നിരീക്ഷണം നടത്തുന്നതിനുള്ള ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ‌് ഉപഗ്രഹത്തിലുള്ളത‌്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങളെടുക്കാനും അയൽരാജ്യങ്ങളുടെ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നതിനും ശേഷിയുള്ള എക‌്സ‌്ബാന്റ‌് റഡാർ സംവിധാനമാണ‌് ഉപഗ്രഹത്തിന്റെ പ്രത്യേകത‌. കാലാവസ്ഥാ പ്രവചനം, സമുദ്ര നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ കാര്യങ്ങൾക്കായി  ഉപഗ്രഹ ഡാറ്റകൾ ഉപയോഗിക്കാമെങ്കിലും സൈനിക ആവശ്യങ്ങൾക്കാകും മുൻഗണന. 2009ലും 2012ലും വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ പിൻഗാമിയായാണ‌് റിസാറ്റ‌് –-2 ബി ഭ്രമണപഥത്തിലെത്തിയത‌്. തിരുവനന്തപുരത്തെ  ഐഎസ‌്ആർഒ കേന്ദ്രമായ വട്ടിയൂർക്കാവ‌് ഐഐഎസ‌്‌യു വികസിപ്പിച്ച പ്രത്യേക നാവിഗേഷൻ സംവിധാനവും ഇക്കുറി പരീക്ഷിച്ചു. വിക്ഷേപണത്തിന‌് ചെയർമാൻ ഡോ. കെ ശിവൻ, വിഎസ‌്എസ‌്സി ഡയറക്ടർ ഡോ. എസ‌് സോമനാഥ‌്, എൽപിഎസ‌്സി ഡയറക്ടർ ഡോ. വി നാരായണൻ, സാറ്റലൈറ്റ‌് സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ‌്ണൻ, പ്രൊജക്ട‌് ഡയറക്ടർ എസ‌് ആർ ബിജു, വെഹിക്കൾ ഡയറക്ടർ എൻ എസ‌് ശ്രീകാന്ത‌് എന്നിവർ നേതൃത്വം നൽകി.
 


പ്രധാന വാർത്തകൾ
 Top