18 October Friday

ഇഎസ്‌ഐ ബോർഡ്‌ യോഗത്തിൽ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2019

ന്യൂഡൽഹി >  എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌(ഇഎസ്‌ഐ) പദ്ധതിയുടെ  ഉദ്ദേശ്യലക്ഷ്യങ്ങൾ  അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബോർഡ്‌ യോഗത്തിൽ ശക്തമായ പ്രതിഷേധം. ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ അടക്കമുള്ള അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി സർക്കാർ തീരുമാനിക്കുമെന്ന ഭേദഗതിനിർദേശം എതിർപ്പിനെത്തുടർന്ന്‌ ഉപസമിതിയുടെ പരിഗണനയ്‌ക്ക്‌ വിട്ടു.

 ഇഎസ്‌ഐ ഡിസ്‌പെൻസറികളിൽ ഫീസ്‌ ഈടാക്കി അംഗങ്ങളല്ലാത്തവർക്കും ചികിത്സ നൽകാനുള്ള നിർദേശവും എതിർപ്പിന്‌ ഇടയാക്കി. കാലക്രമത്തിൽ ഇഎസ്‌ഐ പദ്ധതിയുടെ ലക്ഷ്യംതന്നെ അവഗണിക്കപ്പെടാൻ ഇതു വഴിയൊരുക്കുമെന്ന്‌ ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
 
 ഇഎസ്‌ഐയിൽ അംഗമായി തുടരാനുള്ള ശമ്പളപരിധി സ്‌ത്രീകൾക്കുമാത്രം 50,000 രൂപയായി ഉയർത്താനുള്ള തീരുമാനത്തോട്‌  യോഗത്തിൽ കടുത്ത വിയോജിപ്പ്‌ ഉയർന്നു. ഇതേത്തുടർന്ന്‌ പുരുഷന്മാരുടെ ശമ്പളപരിധി ഉയർത്തുന്നതിനെക്കുറിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ഉപസമിതിയോട്‌ ആവശ്യപ്പെട്ടു.
ക്ലെയിം നടപടിക്രമങ്ങൾ പരിഷ്‌കരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.  ഇഎസ്‌ഐയിൽ അംഗമാകണോ വേണ്ടയോ എന്ന്‌ തൊഴിലാളികൾക്ക്‌ സ്വയം തീരുമാനിക്കാൻ അവസരം നൽകാനുള്ള ഭേദഗതി തള്ളി. ഇതു അനുവദിച്ചാൽ പദ്ധതിയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുമെന്ന്‌ ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ വാദിച്ചു.

 ജോലിക്കിടെ  സംഭവിക്കുന്ന അപകടംവഴിയുള്ള അംഗവൈകല്യ–-മരണാനന്തര  ആനുകൂല്യങ്ങൾ 25 ശതമാനം വർധിപ്പിക്കാൻ തത്വത്തിൽ തീരുമാനിച്ചു. ഇഎസ്‌ഐ മെഡിക്കൽ കോളേജുകളിൽ 450 സീറ്റ്‌ കൂടി അനുവദിക്കും. എല്ലാ മെഡിക്കൽ കോളേജിലും 50 സീറ്റ്‌ വീതമാണ്‌ കൂടുക. ആറിടത്ത്‌ ബിരുദാനന്തര ബിരുദകോഴ്‌സുകൾ തുടങ്ങും. പ്രശാന്ത നന്ദ ചൗധരി(സിഐടിയു), അമർജിത്‌ കൗർ(എഐടിയുസി) എന്നിവർ യോഗത്തിൽ  തൊഴിലാളിവിരുദ്ധ നിർദേശങ്ങളെ ശക്തമായി  ചെറുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top