16 February Saturday

വിനാശകരം മോഡിഭരണം: സിപിഐ എം രാജ്യവ്യാപക പ്രക്ഷോഭത്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

ന്യൂഡൽഹി

വൻകിട കോർപറേറ്റുകൾ പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിനെതിരെയും രാജ്യത്ത് ദളിത് വിഭാഗങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ‌്തു. നാലുവർഷത്തെ മോഡി ഭരണത്തിൽ ജനജീവിതം ദുസ്സഹമായെ‌ന്നും വർഗീയ ധ്രുവീകരണം തീവ്രമായെന്നും ഞായറാഴ്ച ഡൽഹിയിൽ സമാപിച്ച മൂന്നുദിവസത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം വിലയിരുത്തി.

ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയേയും ദുർബലപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിരന്തരം ഉയർത്തുകവഴി ഉപഭോക്താക്കൾക്കുമേൽ വലിയ ബാധ്യത അടിച്ചേൽപ്പിക്കുകയും വിലക്കയറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു. 
പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവയിൽ ഒമ്പതു തവണയാണ് മോഡി സർക്കാർ വർധന വരുത്തിയത്. കറൻസി പിൻവലിക്കലും ജിഎസ്ടിയും മൂലം സാമ്പത്തിക പ്രവർത്തനങ്ങൾ ദുർബലപ്പെട്ടു.

കാർഷിക പ്രതിസന്ധി തുടരുന്നു.  കർഷക ആത്മഹത്യകളിൽ ഒരു കുറവുമില്ല. കർഷകരും കർഷക സംഘടനകളും നടത്തിയ ഉജ്വല പ്രക്ഷോഭങ്ങളെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ പല വാഗ്ദാനങ്ങളും നൽകിയെങ്കിലും ഒന്നും നിറവേറ്റപ്പെട്ടില്ല. കർഷക സംഘടനകളടക്കം വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വിദ്വേഷ സംഘർഷങ്ങൾ വൻതോതിൽ വർധിച്ചു. പ്രത്യേകിച്ച് ബിജെപി ഭരണ സംസ്ഥാനങ്ങളിൽ. പശുസംരക്ഷണത്തിന്റെയും സദാചാര പൊലീസിന്റെയുമൊക്കെ പേരിൽ സ്വകാര്യ സേനകൾ നടത്തുന്ന ആക്രമണങ്ങൾക്ക് പുറമെ ആൾക്കൂട്ടഹത്യകളും കൂട്ടബലാൽസംഗങ്ങളും കുട്ടികളെ കൊലപ്പെടുത്തുന്നതും വർധിച്ചു. ജാർഖണ്ഡിൽ അഞ്ച് സ്ത്രീകൾ കൂട്ടബലാൽസംഗത്തിന് ഇരയായതാണ് ഒടുവിലെ സംഭവം.

കേസെടുക്കാനോ കുറ്റക്കാരെ ശിക്ഷിക്കാനോ സംസ്ഥാനത്തെ ബിജെപി സർക്കാർ തയ്യാറായിട്ടില്ല.  സ്വകാര്യ സേനകളെ അംഗീകരിക്കുന്നതിന് തുല്യമാണ് സർക്കാർ നടപടി.  ക്രമസമാധാനം പൂർണമായും തകരുകയാണ്.  ഈ വിഷയങ്ങളിലെല്ലാം  ശക‌്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പാർടിയുടെ എല്ലാ ഘടകങ്ങളും തയാറാകണം.

കോർപറേറ്റുകൾ പൊതുപണം തട്ടിയെടുക്കുന്നു. മോഡി സർക്കാരിന്റെ ആദ്യമൂന്നുവർഷ കാലയളവിൽ പൊതുമേഖലാ ബാങ്കുകൾക്ക് കോർപറേറ്റുകൾ നൽകാനുള്ള കിട്ടാക്കടത്തിൽ 2.5 ലക്ഷം കോടി  സർക്കാർ എഴുതിത്തള്ളി. 1.45 ലക്ഷം കോടി രൂപ കൂടി ഈവർഷം എഴുതിത്തള്ളിയിട്ടുണ്ട്. രാജ്യത്തെ 1.6 ലക്ഷത്തോളം വരുന്ന വിവിധ ബാങ്ക് ബ്രാഞ്ചുകളുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള സംവിധാനം തങ്ങൾക്കില്ലെന്നാണ് റിസർവ‌് ബാങ്ക് ഗവർണർ  പറയുന്നത്. ബാങ്കിങ് സംവിധാനത്തെ നിയന്ത്രിക്കുന്നതും രാജ്യത്തെ നാണ്യനയത്തിന് രൂപംനൽകുന്നതും ആർബിഐയാണ്. തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനാകുംവിധം ആർബിഐയെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പണം കൊള്ളയടിക്കുന്നവർ രാജ്യംവിട്ട് പോവുന്നു. കേന്ദ്രസർക്കാർ ഇതെല്ലാം കൈയുംകെട്ടി നോക്കിനിൽക്കുന്നു.  ‐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top