30 July Friday
5 ഇടതുപാർടികളുടെ നേതൃത്വത്തിൽ 16 മുതൽ 30 വരെയാണ്‌ പ്രതിഷേധം

പൊറുതിമുട്ടിച്ച് വിലക്കയറ്റം; രണ്ടാഴ്‌ച രാജ്യമെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021


ന്യൂഡൽഹി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന പിൻവലിക്കണമെന്നും ഭക്ഷ്യസാധനങ്ങളുടെയും ഔഷധങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട്‌ അഞ്ച്‌ ഇടതുപാർടികളുടെ നേതൃത്വത്തിൽ 16 മുതൽ 30 വരെ  രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. മഹാമാരിയും സാമ്പത്തികമാന്ദ്യവും നേരിടുന്ന ജനങ്ങൾക്കുനേരെയുള്ള ക്രൂരമായ കടന്നാക്രമണമാണ്‌ വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയം. ശാരീരിക അകലവും ഇതര സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചും  ഓരോ സംസ്ഥാനത്തും പ്രതിഷേധം ഉയർത്താൻ ഇടതുപാർടികൾ ആഹ്വാനംചെയ്‌തു. ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി(സിപിഐ എം), ഡി രാജ(സിപിഐ),  ദേബബ്രത ബിശ്വാസ്‌(ഫോർവേർഡ്‌ ബ്ലോക്ക്‌), മനോജ്‌ ഭട്ടാചാര്യ(ആർഎസ്‌പി), ദീപാങ്കർ ഭട്ടാചാര്യ(സിപിഐ എംഎൽ–-ലിബറേഷൻ) എന്നിവരാണ്‌ സംയുക്തപ്രസ്‌താവന പുറപ്പെടുവിച്ചത്‌.

മെയ്‌ രണ്ടിന്‌ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നശേഷംമാത്രം 21 തവണ മോഡിസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടി.  സർവമേഖലയിലും വിലക്കയറ്റമുണ്ടായി. മൊത്ത വിലസൂചിക 11 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍. ഭക്ഷ്യവസ്‌തുക്കളുടെ വില ഏപ്രിലിൽ അഞ്ച്‌ ശതമാനം കൂടി. പ്രാഥമിക ചരക്ക്‌ വിലയിൽ 10.16 ശതമാനവും നിർമിതോൽപ്പന്ന മേഖലയിൽ 9.01 ശതമാനവും വിലക്കയറ്റമുണ്ടായി. ചില്ലറ വ്യാപാരമേഖലയിൽ വിലക്കയറ്റം ഇതിലുമേറെ. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും വ്യാപകമായി. ജീവൻരക്ഷാ ഔഷധങ്ങൾക്കുപോലും കൃത്രിമക്ഷാമം സൃഷ്ടിച്ച്‌ കൊള്ളലാഭം കൊയ്യുന്നു.

തൊഴിലില്ലായ്‌മയും പട്ടിണിയും  പെരുകി ജനങ്ങളുടെ വാങ്ങൽശേഷി ഇടിഞ്ഞിരിക്കെയാണ്‌ ഇതെല്ലാം. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും ആറുമാസത്തേക്ക്‌ 7,500 രൂപവീതം നൽകണം. ഓരോ അംഗത്തിനും 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകണം.  പയർ, കടല, എണ്ണ, പഞ്ചസാര, പലവ്യഞ്‌ജനങ്ങൾ, തേയില എന്നിവയും സൗജന്യമായി നൽകണമെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


 

സംസ്ഥാനത്തെ പ്രതിഷേധം  എൽഡിഎഫ്‌ തീരുമാനിക്കും: 
എ വിജയരാഘവൻ
കേരളത്തിലെ സമരത്തെക്കുറിച്ച്‌ എൽഡിഎഫിൽ ആലോചിച്ച്‌ തീരുമാനിക്കുമെന്ന്‌ കൺവീനർ എ വിജയരാഘവൻ അറിയിച്ചു. കോവിഡ്‌ സാഹചര്യത്തിൽ ജനങ്ങളെ എങ്ങനെ സഹായിക്കാമെന്ന്‌ കേന്ദ്ര സർക്കാർ ആലോചിക്കേണ്ട സമയത്താണ്‌ ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

ഇന്ധനവില കൂട്ടുന്നത് 
ക്ഷേമത്തിനെന്ന് കേന്ദ്രമന്ത്രി
പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്നത്‌ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന്‌ ബോധ്യമുണ്ടെന്നും എന്നാൽ ക്ഷേമപ്രവർത്തനങ്ങൾക്ക്‌ പണം കണ്ടെത്താൻ മറ്റു വഴിയില്ലെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. വാക്‌സിൻ വാങ്ങാനും പ്രധാൻമന്ത്രി ഗരീബ്‌ യോജനപ്രകാരം ഭക്ഷ്യധാന്യം വിതരണം ചെയ്യാനും പണം വേണം. ഇന്ധനവിലക്കയറ്റത്തെ കുറിച്ച് പറയാന്‍ കോണ്‍​ഗ്രസിന് അര്‍ഹതയില്ല. കോണ്‍​ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന സംസ്ഥനനികുതി–-പെട്രോളിയം മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top