13 August Thursday
മന്ത്രിമാരുടെ വീടുകൾ ആക്രമിച്ചു ● റെയിൽവേ സ്‌റ്റേഷനുകൾക്കും പൊലീസ്‌ സ്‌റ്റേഷനും തീയിട്ടു

കലാപം പടരുന്നു ; 3 മരണം, അസമിൽ അഞ്ചുപേർക്ക്‌ വെടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്‌ അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ വാഹനങ്ങൾ കത്തിക്കുന്നവർ‌

ന്യൂഡൽഹി
മതംനോക്കി പൗരത്വം നിശ്ചയിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം  വടക്കുകിഴക്കന്‍ മേഖലയില്‍ കലാപമായി. അസമിൽ വിവിധയിടങ്ങളിലുണ്ടായ വെടിവയ്‌പിൽ  മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക്‌ പരിക്കേറ്റു.  മന്ത്രിമാരുടെ വീടുകൾ ജനക്കൂട്ടം ആക്രമിച്ചു. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ സ്ഥിതി അതിരൂക്ഷമായിരിക്കയാണ്‌. സൈന്യം രംഗത്തിറങ്ങിയിട്ടും അക്രമം വ്യാപിക്കുകയാണ്‌. പ്രക്ഷോഭകര്‍ കൂട്ടമായി തെരുവിലിറങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. ഗുവാഹത്തി–- ഷില്ലോങ് ദേശീയപാത പ്രതിഷേധക്കാർ അടിച്ചിട്ടിരിക്കയാണ്‌.

അസമിനും ത്രിപുരയ്‌ക്കും പുറമെ മേഘാലയയിലും മൊബൈൽ, ഇന്റർനെറ്റ്‌ സേവനങ്ങൾ നിരോധിച്ചു.  ട്രെയിനുകളും വിമാനങ്ങളും കൂട്ടത്തോടെ റദ്ദാക്കി. പലയിടത്തും അപ്രഖ്യാപിത ബന്ദ്‌ തുടരുകയാണ്‌. 


അസം മുഖ്യമന്ത്രി സർബാനന്ദ സോണോവാളിന്റെയും കേന്ദ്രസഹമന്ത്രി രാമേശ്വർ തേലിയുടെയും വസതികൾക്ക്‌ കല്ലെറിഞ്ഞു. അസം ഗണപരിഷത്ത്‌ ആസ്ഥാനം ആക്രമിച്ചു.   ബിജെപി എംഎൽഎയുടെ വീടിന്‌ തീയിട്ടു. പൊലീസ്‌ സർക്കിൾ ഓഫീസിനും തീവച്ചു.  സംസ്ഥാനത്ത്‌ സ്‌കൂളുകൾ 10 ദിവസം അടച്ചിടും. ഡിജിപി ഭാസ്‌കർജ്യോതി മഹന്തയുടെ വാഹനവ്യൂഹത്തിനുനേരെ ഗുവാഹത്തി–- ഷില്ലോങ്‌ റോഡിൽ കല്ലേറുണ്ടായി.  കലാപം രൂക്ഷമായി തുടരുന്ന 10 ജില്ലയിൽ സൈന്യം ഫ്‌ളാഗ്‌ മാർച്ച്‌ നടത്തി.  

പ്രധാനമന്ത്രി മോഡിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും 15നും 16നും ഗുവാഹത്തിയിൽ നടത്താനിരുന്ന ഉച്ചകോടിയുടെ വേദി മാറ്റൂം. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഗുവാഹത്തിയിലും അഗർത്തലയിലും നടക്കേണ്ടിയിരുന്ന രഞ്ജിട്രോഫി ക്രിക്കറ്റ്‌ മത്സരങ്ങൾ മാറ്റി. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഐഎസ്‌എൽ ഫുട്‌ബോൾ മത്സരങ്ങളും മാറ്റി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top