27 May Monday

ഒടുവിൽ പ്രിയങ്കയെ കളത്തിലിറക്കി ; എഐസിസി ജനറൽ സെക്രട്ടറി

എം പ്രശാന്ത‌്Updated: Thursday Jan 24, 2019


ന്യൂഡൽഹി
പ്രതീക്ഷകൾ അസ‌്തമിച്ച‌ ഉത്തർപ്രദേശിൽ അവസാനശ്രമമെന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോൺഗ്രസ‌്. കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. സോണിയ ഗാന്ധി പ്രതിനിധാനംചെയ്യുന്ന റായ‌്ബറേലി മണ്ഡലത്തിൽ പ്രിയങ്ക മൽസരിച്ചേക്കുമെന്ന‌് അഭ്യൂഹമുണ്ട‌്. യുപിയിൽ എസ‌്പി–-ബിഎസ‌്പി സഖ്യത്തിൽനിന്ന‌് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന‌് കടുത്ത നിരാശയിലായിരുന്നു കോൺഗ്രസ‌് അണികൾ. പഴയ ശക്തികേന്ദ്രത്തിൽ ഏതുവിധേനയും വീണ്ടും സജീവമാകാനുള്ള  നീക്കത്തിന്റെ ഭാഗമായാണ‌് പ്രിയങ്കയുടെ രംഗപ്രവേശം. പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയെയും നിയമിച്ചിട്ടുണ്ട‌്. കെ സി  വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കി. കർണാടകയുടെ ചുമതലയിൽ  വേണുഗോപാൽ തുടരും.  ഗുലാംനബി ആസാദിന‌് ഹരിയാനയുടെ ചുമതല നൽകി. 

പ്രിയങ്ക ഫെബ്രുവരി ആദ്യം ചുമതലയേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഗ്‌പുർ, സോണിയയും രാഹുലും പ്രതിനിധാനം ചെയ്യുന്ന റായ‌്ബറേലി, അമേത്തി, നെഹ‌്റുവിന്റെ മണ്ഡലമായിരുന്ന ഫൂൽപ്പുർ എന്നിവ കിഴക്കൻ യുപിയിലാണ‌്.
കിഴക്കൻ യുപിയിൽ 40 ലോക‌്സഭാ മണ്ഡലമാണുള്ളത‌്. എൺപതുകൾ വരെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നെങ്കിലും നിലവിൽ തീർത്തും ദുർബലം. അമേത്തി, റായ‌്ബറേലി മണ്ഡലങ്ങളിൽ മാത്രമാണ‌് പ്രാതിനിധ്യം. അതുതന്നെ എസ‌്പിയുടെയും ബിഎസ‌്പിയുടെയും മറ്റും പിന്തുണയിലാണ‌്. ഫുൽപ്പുരിലും ഗൊരഖ‌്പുരിലും ഉപതെരഞ്ഞെടുപ്പിൽ തനിച്ച‌് മൽസരിച്ചെങ്കിലും യഥാക്രമം 2.6 ശതമാനവും 2 ശതമാനവും വോട്ടു മാത്രമാണ‌് ലഭിച്ചത‌്. ബിഎസ‌്പി പിന്തുണയിൽ രണ്ടിടത്തും ബിജെപിയെ തോൽപ്പിച്ച‌് എസ‌്പി ജയിച്ചു. 

ഭർത്താവ‌് റോബർട്ട‌് വാധ്രയ‌്ക്കെതിരായ ഭൂമിയിടപാട‌്–-കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കാരണം പ്രിയങ്കയുടെ രംഗപ്രവേശം  അനിശ‌്ചിതത്വത്തിലായിരുന്നു. 
ബിക്കാനീർ ഭൂമിയിടപാട‌് കേസിൽ വാധ്രയോടും അമ്മ മൗറീനോടും ഫെബ്രുവരി 12ന‌് എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് മുമ്പാകെ ഹാജരാകാൻ രാജസ്ഥാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട‌്. അതുവരെ വാധ്രയെ അറസ‌്റ്റുചെയ്യരുതെന്ന നിർദേശവുമുണ്ട‌്. പ്രിയങ്കയുടെ രംഗപ്രവേശത്തെ പരിഹസിച്ച‌് ബിജെപി രംഗത്തെത്തി. രാഷ‌്ട്രീയമെന്നാൽ ചിലർക്ക‌് കുടുംബം മാത്രമാണ‌്, തങ്ങൾക്ക‌് പാർടിയാണ‌് കുടുംബം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top