17 August Saturday

കോൺഗ്രസ്‌ വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

ന്യൂഡല്‍ഹി> പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച കോൺഗ്രസ്‌ വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയിൽ ചേർന്നു.  രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രിയങ്ക ശിവസേനയുടെ കൂടാരത്തിലെത്തിയത്‌.  ശിവസേന നേതാവ് ഉദ്ദവ് താക്കറെക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ്‌ പ്രിയങ്ക ശിവസേനയിൽ ചേർന്നത്‌ അറിയിച്ചത്‌.

സ്ത്രീകളേയും യുവാക്കളേയും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്ന് അവര്‍ പറഞ്ഞു. മുംബൈയില്‍ ജനിച്ചു വളര്‍ന്ന തനിക്ക് ശിവസേനയെ ചെറുപ്പം മുതലേ അറിയാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. താന്‍ തന്റെ വേരുകളിലേക്ക് മടങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്നോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഡ് ചെയ്ത എട്ട് പാര്‍ടി നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ്‌  പ്രിയങ്ക ചതുര്‍വേദി പാര്‍ടി വിട്ടത്‌. പാര്‍ടി പദവികളും പ്രഥാമികാഗംത്വവും പ്രിയങ്ക രാജിവെച്ചു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ശുപാര്‍ശയിലാണ് സംസ്ഥാന കോണ്‍ഗ്രസ് അച്ചടക്കസമിതി ഇവരെ സസ്‌പെൻഡ്‌ ചെയതവരെ തിരിച്ചെടുത്തതെന്നും പ്രിയങ്ക പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചത്.

കോൺഗ്രസിന്റെ മറ്റൊരു വക്‌താവായിരുന്ന ടോം വടക്കൻ ഒരു മാസം മുന്നേ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേർന്നിരുന്നു.


പ്രധാന വാർത്തകൾ
 Top