13 July Monday

കോർപറേറ്റുകൾക്ക്‌ ലോട്ടറി; കാർഷിക പ്രതിസന്ധി തുടരും

സ്വന്തം ലേഖകൻUpdated: Sunday May 17, 2020

ന്യൂഡൽഹി
കർഷകരെ സഹായിക്കാൻ എന്ന പേരിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക നിയമ പരിഷ്‌കാരത്തിൽ ആഹ്ലാദിക്കുന്നത്‌ കോർപറേറ്റുകൾ. ‘കാർഷികരംഗത്തെ 1991 മുഹൂർത്തം’ എന്നാണ്‌ ധനമന്ത്രിയുടെ പ്രഖ്യാപനത്തെ കോർപറേറ്റ്‌ വക്താക്കൾ വിശേഷിപ്പിച്ചത്‌. 1991ൽ നരസിംഹറാവു സർക്കാർ തുടക്കമിട്ട പരിഷ്‌കാരങ്ങൾക്ക്‌ സമാനമാണ്‌ കാർഷികമേഖലയ്‌ക്കായി ഇപ്പോൾ പ്രഖ്യാപിച്ചത്‌.

മുപ്പത്‌ വർഷമായി തുടരുന്ന നവഉദാര പരിഷ്‌കാരങ്ങൾ രാജ്യത്ത്‌ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിപ്പിക്കാനും ശതകോടി ഡോളർ കോടീശ്വരന്മാരുടെ എണ്ണം ഉയർത്താനും മാത്രമാണ്‌ വഴിയൊരുക്കിയത്‌. ഗുരുതരമായ കാർഷികതകർച്ചയ്‌ക്കും ലക്ഷക്കണക്കിനു കർഷകരുടെ ആത്മഹത്യയ്‌‌ക്കും ഈ നയങ്ങൾ കാരണമായി. കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനെന്ന ഭാവത്തിൽ ഇപ്പോൾ കൃഷിയെയും കോർപറേറ്റുകളുടെ കൊള്ളയ്‌ക്ക്‌ വിട്ടുകൊടുക്കുകയാണ്‌. ഉൽപന്നങ്ങൾക്ക്‌ ന്യായവില ലഭ്യമാക്കണമെന്നത്‌ കർഷകരുടെ ദീർഘകാല ആവശ്യമാണ്‌.

മൊത്തം കൃഷിചെലവിന്റെ ഒന്നരഇരട്ടി മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന സ്വാമിനാഥൻ കമീഷൻ ശുപാർശ നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം നൽകിയാണ്‌ മോഡിസർക്കാർ അധികാരത്തിൽ വന്നത്‌. എന്നാലിത്‌ നടപ്പാവില്ലെന്ന്‌ കേന്ദ്രം പിന്നീട്‌ വ്യക്തമാക്കി. കർഷകർക്ക്‌ ന്യായവില ലഭ്യമാക്കാനുള്ള പരിമിത സംവിധാനമായിരുന്നു കാർഷികോൽപ്പന്ന വിപണന സമിതികൾ. സംഭരണം, വിതരണം, വില എന്നിവയ്‌ക്ക്‌ പരിധി വ്യവസ്ഥ ചെയ്‌ത 1955ലെ അവശ്യവസ്‌തു നിയമം ഭേദഗതി ചെയ്യുകയും കാർഷികോൽപ്പന്ന വിപണന സമിതി സംവിധാനം അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ കാർഷികരംഗം സ്വകാര്യകോർപറേറ്റുകളുടെ കൈപ്പിടിയിൽ ഒതുങ്ങും.

കാർഷികവിളകളുടെ അന്തർസംസ്ഥാന കടത്തിനുള്ള നിയന്ത്രണങ്ങളും നീക്കി. രാജ്യത്തെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണ്‌. വായ്‌പ എടുത്താണ്‌ കർഷകർ കൃഷിയിറക്കുന്നത്‌. ഈ സാഹചര്യം മുതലെടുക്കാൻ കോർപറേറ്റുകൾക്ക്‌ കഴിയും. മുൻകൂട്ടി കർഷകരെ സമീപിച്ച്‌, കൃഷിയിറക്കാൻ പണം നൽകാനും വിളകളുടെ വില നിശ്‌ചയിക്കാനും കോർപറേറ്റുകൾക്ക്‌ കെൽപ്പുണ്ട്‌. മത്സരം വഴി കർഷകർക്ക്‌ മെച്ചപ്പെട്ട വില ലഭിക്കുമെന്ന വാദം തട്ടിപ്പാണ്‌. വൻകിടക്കാർ തമ്മിലാണ്‌ മത്സരം നടക്കുക. അവർ ഒത്തുകളിച്ച്‌ കർഷകരെ കൂടുതൽ ചൂഷണത്തിനു വിധേയരാക്കുമെന്നതാണ്‌ മുൻ അനുഭവം.

സംഭരണത്തിനും വിതരണത്തിനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനുള്ള ലക്ഷം കോടി രൂപയുടെ പാക്കേജും കോർപറേറ്റുകൾക്ക്‌ മാത്രമാണ്‌ പ്രയോജനപ്പെടുക.


പ്രധാന വാർത്തകൾ
 Top