19 October Saturday

ബിജെപിയുടെ മുദ്രാവാക്യങ്ങൾക്ക്‌ അടിവരയിട്ട്‌ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ന്യൂഡൽഹി > ബിജെപിയുടെ രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾക്ക്‌ അടിവരയിട്ട്‌ പാർലമെന്റിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം. മുത്തലാക്ക്‌ നിരോധനം, ദേശീയ പൗരത്വ രജിസ്റ്റർ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’, സൈനികശക്തി, കള്ളപ്പണം പിടിക്കൽ, നദികളുടെ ശുചീകരണം തുടങ്ങി വലിയ വിമർശനം നേരിട്ട വിഷയങ്ങളെല്ലാം രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദിന്റെ പ്രസംഗത്തിൽ ഇടം നേടി. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിലാണ്‌ അടുത്ത അഞ്ചുവർഷം കൊണ്ട്‌ സർക്കാർ ലക്ഷ്യമിടുന്ന നയപരിപാടികൾ രാഷ്‌ട്രപതി വിശദീകരിച്ചത്‌. 2014 മുതലുള്ള നരേന്ദ്രമോഡി സർക്കാരിന്റെ പ്രവർത്തനത്തെയും രാഷ്‌ട്രപതി പ്രകീർത്തിച്ചു.

സ്‌ത്രീകൾക്ക്‌ തുല്യത നൽകുന്നതിന്‌ മുത്തലാക്ക്‌ പോലുള്ള സമ്പ്രദായങ്ങൾ നിർത്തലാക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ രാഷ്‌ട്രപതി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായി. ‘നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ വലിയ വെല്ലുവിളിയാണ്. നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങളുള്ള മേഖലകളില്‍ എന്‍ആര്‍സി നടപ്പിലാക്കാന്‍ എന്റെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്’‐രാഷ്‌ട്രപതി പറഞ്ഞു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ സമ്പ്രദായം കൊണ്ടുവരികയെന്നത്‌ ഇന്നത്തെ കാലത്തെ ആവശ്യമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ  വേഗത്തിലുള്ള വളർച്ചയ്‌ക്ക്‌ ഇത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഉദ്‌ഘോഷിക്കുന്ന സൈനികശക്തിയെ നയപ്രഖ്യാപനത്തിൽ പുകഴ്‌ത്താനും രാഷ്‌ട്രപതി മറന്നില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും, പുല്‍വാമ ആക്രമണത്തിനു ശേഷം അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെയും ഇന്ത്യ ശക്തി തെളിയിച്ചിരിക്കുകയാണെന്നും സ്വയരക്ഷയ്‌ക്കായി ഭാവിയിലും കഴിയുന്നതെല്ലാം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു.

നോട്ട്‌ നിരോധനം മുതൽ ബിജെപി വലിയ പ്രചരണം നടത്തിയ കള്ളപ്പണവിഷയവും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കള്ളപ്പണത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 4.25 ലക്ഷം ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും 3.50 ലക്ഷം കമ്പനികളെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. ദാരിദ്ര്യം അവസാനിപ്പിക്കും, കാർഷിക മേഖലയെ പരിപോഷിപ്പിക്കും, അഴിമതി തുടച്ചുനീക്കും എന്നിങ്ങനെ നിരവധി വാഗ്‌ദാനങ്ങളും നയപ്രഖ്യാപനത്തിൽ ആവർത്തിച്ചു.


പ്രധാന വാർത്തകൾ
 Top