19 February Tuesday

തൊഗാഡിയക്കറിയാം ചതിയുടെ പരിവാർ ചരിതം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

ന്യൂഡൽഹി > തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയുടെ വെളിപ്പെടുത്തൽ സംഘപരിവാറിന്റെ ചോരക്കറപുരണ്ട ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായി. ദുരൂഹമരണങ്ങളും വ്യാജ ഏറ്റുമുട്ടൽ കൊലകളും നിറഞ്ഞതാണ് സംഘപരിവാർപാത. പ്രമുഖരായ നേതാക്കൾ സംശയകരമായ സാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഒരിക്കലും ആർഎസ്എസ് ആവശ്യപ്പെട്ടിട്ടില്ല. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടൽ വ്യാപകമായത്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം പൊലീസിന്റെ 'ഏറ്റുമുട്ടൽ കൊല' പെരുകി. ഈ ചരിത്രം മറ്റാരേക്കാളും അറിയുന്ന പ്രവീൺ തൊഗാഡിയയുടെ ഭയം സ്വാഭാവികം.

സംഘപരിവാറിന്റെ പ്രമുഖ ആശയപ്രചാരകനും ജനസംഘം അധ്യക്ഷനുമായിരുന്ന ദീൻദയാൽ ഉപാധ്യായയെ 1968 ഫെബ്രുവരി 10ന് ഉത്തർപ്രദേശിലെ മുഗൾസാരായി സ്റ്റേഷനിൽ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കവർച്ചാലക്ഷ്യത്തോടെയുള്ള കൊലപാതകം എന്ന നിലയിൽ കേസെടുത്ത് പ്രതികളെ പിടികൂടി ശിക്ഷിച്ചു. എന്നാൽ, ഉപാധ്യായയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് 70 എംപിമാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് നടത്തിയ അന്വേഷണത്തിൽ പല സംശയങ്ങളും പ്രകടിപ്പിച്ചിരുന്നു.
ഗുജറാത്തിൽ മന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യ കൊല്ലപ്പെട്ട കേസിൽ സിബിഐ കണ്ടെത്തിയ പ്രതികളെ ഗുജറാത്ത് ഹൈക്കോടതി വിട്ടയക്കുകയായിരുന്നു. സിബിഐ നടത്തിയ അന്വേഷണവും കണ്ടെത്തിയ തെളിവുകളും കോടതി പൂർണമായി തള്ളി. ഗുജറാത്ത് വംശഹത്യക്ക് പ്രതികാരം ചെയ്യാൻ ഹൈദരാബാദിൽനിന്ന് എത്തിയ സംഘം പാണ്ഡ്യയെ വധിച്ചെന്നായിരുന്നു സിബിഐ കേസ്. 43 വയസ്സുമാത്രമുള്ളപ്പോഴാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്.

 കേശുഭായ് പട്ടേൽ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയായ പാണ്ഡ്യയെ മോഡി മുഖ്യമന്ത്രിയായശേഷം ഒതുക്കി. തുടക്കത്തിൽ പാണ്ഡ്യക്ക് മന്ത്രിസ്ഥാനം നൽകിയില്ല. ഇത് വിവാദമായപ്പോൾ റവന്യൂവകുപ്പിൽ സഹമന്ത്രിസ്ഥാനം നൽകി. ഗുജറാത്ത് കലാപത്തിനുശേഷം ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ സിറ്റിസൺസ് ട്രിബ്യൂണൽ നടത്തിയ തെളിവെടുപ്പിൽ പാണ്ഡ്യ രഹസ്യമൊഴി നൽകി.
ഇത് മാധ്യമങ്ങളിൽ പിന്നീട് വാർത്തയായി. ഇതോടെ പാണ്ഡ്യയോട് രാജിവയ്ക്കാൻ മോഡി ആവശ്യപ്പെട്ടു. ഗുജറാത്തിൽ ഏറ്റവും ജനപ്രീതിയുള്ള ബിജെപി നേതാക്കളിൽ ഒരാളായിരുന്ന പാണ്ഡ്യ മന്ത്രിസ്ഥാനത്തുനിന്ന് പുറത്തായശേഷം 2003 മാർച്ച് 26നാണ് കൊല്ലപ്പെട്ടത്.
 പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റാൻ ബിജെപി ദേശീയ അധ്യക്ഷന്റെ സന്ദേശം ലഭിച്ചശേഷമാണ് പാണ്ഡ്യക്ക് ജീവൻ നഷ്ടപ്പെട്ടത്. ഗുജറാത്ത് വംശഹത്യക്കു മുമ്പും ശേഷവും മോഡിയുടെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഹരൺ പാണ്ഡ്യയുടെ കൊലപാതകം ഇന്നും  ഉത്തരം കിട്ടാത്ത ചോദ്യമാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top