09 August Sunday

യുഎഇ താമസ വിസക്കാര്‍ക്ക് മടങ്ങാന്‍ ഞായറാഴ്ച മുതല്‍ പ്രത്യേക സര്‍വീസിന് ഇന്ത്യ-യുഎഇ ധാരണ

അനസ് യാസിന്‍Updated: Thursday Jul 9, 2020

മനാമ> മടങ്ങാനാഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്കായി 15 ദിവസത്തേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ഇന്ത്യാ-യുഎഇ ധാരണ. ഇതുപ്രകാരം യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മടക്കയാത്രയിലും വന്ദേ ഭാരത് വിമാനങ്ങള്‍ക്ക് യുഎഇയിലേക്കുള്ള യാത്രയിലും ഇന്ത്യയില്‍ കുടുങ്ങി കടക്കുന്ന യുഎഇ പ്രവാസികളെ കൊണ്ടുപോകാം.

യുഎഇ വിമാനക്കമ്പനികളുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്കും വന്ദേ ഭാരത് വിമാനങ്ങളില്‍ യുഎഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും നീക്കിയതായും ഇന്ത്യന്‍ വിദേശ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ജൂലായ് 12 മുതല്‍ 26വരെയാണ് പ്രത്യേക സര്‍വീസ്. അതിനുശേഷം അത് ആവശ്യാനുസരണം അവലോകനം ചെയ്യും. യുഎഇ താമസ വിസക്കാര്‍ക്ക് അവിടേക്ക് മടങ്ങാന്‍ മാത്രമാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതിയുള്ളത്. മടങ്ങുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി / യുഎഇ റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് അനുമതി ആവശ്യമാണ്. യാത്രക്ക് 96 മണിക്കൂര്‍ മുന്‍പ ലഭിച്ച കോവിഡ് നെഗറ്റീവ് ആണെന്ന പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎഇ എയര്‍ലൈന്‍സുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ് എന്നിവ ഉപയോഗിച്ചുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസിനും ഇന്ത്യ അനുമതി നിഷേധിച്ചത്. വിലക്ക് നീങ്ങിയതോടെ തിരിച്ചുള്ള യാത്രയില്‍ ഇവര്‍ക്ക് വിസക്കാരെ കൊണ്ടുവരാം.യുഎഇയിലേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നവരുടെ നാലു മാസത്തോളം നീണ്ട കാത്തിരിപ്പിന് താല്‍ക്കാലിക അറുതിയായാണ് തീരുമാനം. നാട്ടില്‍ നിന്നും പ്രവാസികളെ കൊണ്ടുവരുന്നതിന് യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്ക് നല്‍കിയിരുന്ന അനുമതി കഴിഞ്ഞ ദിവസം ഇന്ത്യ റദ്ദാക്കിയിരുന്നു.പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞ മാസം അവസാനം യുഎഇ അനുമതി നല്‍കിയിരുന്നു.

അവധിക്കു പോയവരും കുടുംബം യുഎഇയില്‍ ഉള്ളവരുമായ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതീക്ഷയോടെയാണ് ഇത് കണ്ടത്. എന്നാല്‍ ഇന്ത്യ വിദേശ വിമാന സര്‍വീസ് പുനരാരംഭിക്കാത്തത് ഇവര്‍ക്ക് കടുത്ത നിരാശക്ക് കാരണമായിരുന്നു. യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്കായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top