21 August Wednesday

കർക്കറെ മരിച്ചത‌് തന്റെ ശാപമേറ്റെന്ന‌് പ്രഗ്യ സിങ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ഭോപാൽ> മഹാരാഷ‌്ട്ര ഭീകരവിരുദ്ധ സേനാ തലവൻ ഹേമന്ത‌് കർക്കറെ കൊല്ലപ്പെട്ടത‌് തന്റെ ശാപമേറ്റതു മൂലമാണെന്ന മലേഗാവ‌് സ‌്ഫോടനക്കേസിലെ പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യ സിങ്ങിന്റെ പ്രസ‌്താവനയ‌്ക്കെതിരെ വൻരോഷം. മുംബൈ ഭീകരാക്രമണത്തിലാണ‌് കർക്കറെ കൊല്ലപ്പെട്ടത‌്. മലേഗാവ‌് സ‌്ഫോടനക്കേസിലെ അന്വേഷണം നടത്തിയതും ഹേമന്ത‌് കർക്കറെയാണ‌്. മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരന്മാരെ തുരത്തുന്നതിനിടെയാണ‌് കർക്കറെയ‌്ക്ക‌് വെടിയേറ്റത‌്. രാജ്യം പിന്നീട‌് അദ്ദേഹത്തെ അശോക‌് ചക്ര നൽകി ആദരിച്ചു.

മലേഗാവ‌് സ‌്ഫോടനക്കേസിൽ പ്രതിയായ തന്നെ കസ‌്റ്റഡിയിൽ ബുദ്ധിമുട്ടിച്ചപ്പോഴാണ്‌ കർക്കറെയെ ശപിച്ചതെന്ന‌് പ്രഗ്യ പൊതുവേദിയിൽ പറഞ്ഞു. വിട്ടയച്ചില്ലെങ്കിൽ താങ്കളുടെ അവസാനം വൈകാതെ ഉണ്ടാകുമെന്ന‌് ശപിച്ചതെന്നും പ്രഗ്യ പറഞ്ഞു. രണ്ടു മാസത്തിനുള്ളിൽ കർക്കറെ കൊല്ലപ്പെട്ടു.
പ്രഗ്യയുടെ പ്രസ‌്താവനയ‌്ക്കെതിരെ ഐപിഎസ‌് അസോസിയേഷൻ പ്രതിഷേധിച്ചു. അശോക‌് ചക്ര ജേതാവായ ഒരാളെക്കുറിച്ച‌് ഇത്തരത്തിൽ ബഹുമാനമില്ലാത്ത പ്രസ‌്താവന നടത്തിയത‌് അപമാനകരമെന്ന‌് അസോസിയേഷൻ പറഞ്ഞു.

പ്രഗ്യക്കെതിരെ പരാതി ലഭിച്ചതായി മധ്യപ്രദേശ‌് സംസ്ഥാന തെരഞ്ഞെടുപ്പ‌ു കമീഷൻ അറിയിച്ചു. ബിജെപിയുടെ ദേശവിരുദ്ധതയുടെ മുഖമാണ‌് പ്രഗ്യയുടെ പ്രസ‌്താവനയെന്ന‌് കോൺഗ്രസ‌് വക്താവ‌് രൺദീപ‌് സുർജേവാല പ്രതികരിച്ചു. കർക്കറെയെ അപമാനിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ പ്രഗ്യ സിങ്ങിന്റേത്‌ വ്യക്തിപരമായ അഭിപ്രായമാണെന്ന്‌ ബിജെപി പ്രതികരിച്ചു. പ്രതിപക്ഷം മുതലെടുക്കുമെന്നതിനാൽ താൻ പ്രസ്‌താവന പിൻവലിക്കുകയാണെന്ന്‌ പ്രഗ്യസിങ്‌ ഇതിനു പിന്നാലെ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top