25 April Thursday

സ്ഥാനാർഥിയുടെ ഓഫീസിൽ നിന്ന‌് പണം പിടിച്ചെടുത്തു; വെല്ലൂരിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ന്യൂഡൽഹി> കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന‌് തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. ബുധനാഴ്ചയാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പണം കണ്ടെത്തിയത്. സംഭവത്തിൽ കതിർനെതിരെയും ശ്രീനിവാസൻ, ദാമോദരൻ എന്നീ രണ്ടു പാർട്ടി ഭാരവാഹികൾക്കെതിരെയും ജില്ലാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു

സംഭവത്തെ തുടർന്ന‌് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കാനുളള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ‌ അറിയിച്ചു. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനാണ് കതിര്‍ ആനന്ദിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കോഴ വാങ്ങിയതിനാണ് ശ്രീനിവാസനും ദാമോദരനുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മുതിർന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്.

മാര്‍ച്ച് 30–ന് ദുരൈ മുരുകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ടു ദിവസത്തിനു ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top