09 December Monday

പ്രഗ്യ സിങ്ങിനെ സ്ഥാനാർഥിയാക്കിയ നടപടി അപലപനീയം: പിബി

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019

ന്യൂഡൽഹി
മലേഗാവ‌് ഭീകരാക്രമണ കേസിൽ പ്രതിയായി, യുഎപിഎ വകുപ്പ‌് പ്രകാരം വിചാരണ നേരിടുന്ന പ്രഗ്യ സിങ‌് താക്കൂറിനെ ഭോപാൽ ലോക‌്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയ പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നടപടി അപലപനീയമാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ പ്രസ‌്താവനയിൽ പറഞ്ഞു.

2011  നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന ഹേമന്ത‌് കർക്കറെയ‌്ക്കെതിരെ പ്രഗ്യ സിങ‌്‌ താക്കൂർ നടത്തിയ പരാമർശം തെരഞ്ഞെടുപ്പ‌് പ്രചാരണരംഗം വർഗീയവൽക്കരിക്കാനും ഭരണഘടനാവാഴ‌്ച അട്ടിമറിക്കാനുമുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ‌്.

ഭീകരതയുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ  പ്രഗ്യ സിങ‌്‌ താക്കൂറിനെതിരെ കുറ്റപത്രം ചുമത്തിയിട്ടുണ്ട‌്. ഭീകരതയ‌്ക്കെതിരെ പൊരുതുന്നുവെന്ന ബിജെപിയുടെ  അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ‌് ഇവരുടെ സ്ഥാനാർഥിത്വം. പാക‌് ചാരസംഘടന ഐഎസ‌്ഐ ആസൂത്രണംചെയ‌്ത ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ‌് ഉദ്യോഗസ്ഥനെതിരെ നീചമായ പരാമർശം നടത്തിയതുവഴി പ്രഗ്യ സിങ‌്‌ താക്കൂർ തന്റെ നിലപാടിന്റെ നിന്ദ്യമായ മുഖം  പ്രദർശിപ്പിക്കുകയും ചെയ‌്തു.

രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഉദ്യോഗസ്ഥനെതിരായ പ്രചാരണത്തിൽ പ്രതിഷേധിച്ച‌് ഐപിഎസ‌് അസോസിയേഷനടക്കം രംഗത്തുവന്നിട്ടുണ്ട‌്. എന്നാൽ, മതപരവും തത്വചിന്താപരവും സാംസ‌്കാരികവുമായ മൂല്യങ്ങളുടെ പ്രതീകമായി പ്രഗ്യ സിങ‌്‌ താ ‌
 ക്കൂറിനെ വിശേഷിപ്പിച്ച‌്  പ്രധാനമന്ത്രി നേരിട്ട‌ുതന്നെ അവരുടെ  സ്ഥാനാർഥിത്വത്തെ ന്യായീകരിക്കുകയാണ‌്. ഒരു ക്രിമിനൽ പ്രവൃത്തിയെ ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തി ഇത്തരത്തിൽ രാഷ്ട്രീയവൽക്കരിക്കുന്നത‌് അപൂർവമാണ‌്.

രാജ്യത്ത‌് ജനങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ബിജെപിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പുരംഗത്ത‌് വർഗീയധ്രുവീകരണം വളർത്താനാണ‌് ശ്രമിക്കുന്നത‌്. ബിജെപിക്ക‌് തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകി ഇത്തരം ഹീനമായ നീക്കങ്ങളെ പരാജയപ്പെടുത്താൻ പിബി ആഹ്വാനംചെയ‌്തു.


പ്രധാന വാർത്തകൾ
 Top