17 July Wednesday

ചീഫ‌് ജസ്റ്റിസിനെതിരായ ആരോപണം: യുവതിയുടെ ജാമ്യം റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌് പൊലീസ‌്

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019

ന്യൂഡൽഹി
സുപ്രീംകോടതി ചീഫ‌് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച‌ യുവതിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഡൽഹി പൊലീസ‌് ക്രൈംബ്രാഞ്ച‌് വിഭാഗം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയിൽ ജോലി വാഗ‌്ദാനം ചെയ‌്ത‌് 50,000 രൂപ കൈപ്പറ്റിയെന്ന കേസിൽ ജൂനിയർ കോർട്ട‌് അസിസ്റ്റന്റായിരുന്ന യുവതിക്കെതിരെ ഐപിസി 420, 506, 120 ബി വകുപ്പുകൾ പ്രകാരമാണ‌് കേസ‌് രജിസ്റ്റർ ചെയ‌്തിരുന്നത‌്. മാർച്ച‌് മൂന്നിന‌് ഇവർക്കെതിരെ ‌എഫ‌്ഐആർ രജിസ്റ്റർ ചെയ്യുകയും മാർച്ച‌് 11ന‌് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട‌് ഉത്തരവിടുകയും ചെയ‌്തു. എന്നാൽ, മാർച്ച‌് 12ന‌് കോടതി അവർക്ക‌് ജാമ്യം അനുവദിച്ചു.

ഈ ജാമ്യം റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഈ മാസം ആദ്യം ക്രൈംബ്രാഞ്ച‌് പട്യാലഹൗസ‌് കോടതിക്ക‌് അപേക്ഷ നൽകിയിരുന്നു. എന്നാൽ, യുവതിയും ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന‌് ചൂണ്ടിക്കാണിച്ച‌് പരാതിക്കാരൻകൂടിയായ ഹരിയാന സ്വദേശി വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌് അന്വേഷണ ഉദ്യോഗസ്ഥർ ശനിയാഴ‌്ചയും കോടതിയിൽ അപേക്ഷ നൽകി. ശനിയാഴ‌്ച പരാതിക്കാരി ഹാജരാകാത്തതിനാൽ കേസ‌് പരിഗണിക്കുന്ന ചീഫ‌് മെട്രോപൊളിറ്റൻ മജിസ‌്ട്രേട്ട‌് മനീഷ‌് ഖുറാന കേസ‌് പരിഗണിക്കുന്നത‌് 24ലേക്ക‌് മാറ്റിയതായി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top