13 December Friday

പൊലീസ് പ്രക്ഷോഭം: അമിത്‌ ഷാ ഒന്നും മിണ്ടുന്നില്ല

എം പ്രശാന്ത‌്Updated: Thursday Nov 7, 2019

ന്യുഡൽഹി >   സ്വയരക്ഷ തേടി ഡൽഹി പൊലീസ്‌ രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച് പ്രതിഷേധിച്ചതൊന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷാ അറിഞ്ഞമട്ടില്ല. കർതാർപുർ ഇടനാഴിയും ആർസിഇപി കരാറുമാണ് രണ്ടുദിവസമായി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ നിറയുന്നത്. ഡൽഹിയിലെ ക്രമസമാധാനചുമതല ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും ഒറ്റവാക്കുപോലും മന്ത്രി പ്രതികരിച്ചിട്ടില്ല. മോഡി സർക്കാരിലെ ‘കരുത്തനായ’ ഷാ എവിടെയെന്ന് പ്രതിപക്ഷം ചോദിക്കുന്നു. സിപിഐ എമ്മും കോൺഗ്രസും ആംആദ്‌മി പാർടിയുമെല്ലാം ഷായ്‌ക്കെതിരായി രംഗത്തെത്തി.

പൊലീസ്‌ ആസ്ഥാനത്തിന്‌ മുന്നിൽ പൊലീസുകാർ ചൊവ്വാഴ്‌ച പ്രതിഷേധമാരംഭിച്ചപ്പോൾ കശ്‌മീർ വിഷയത്തിൽ ചർച്ചകളിലായിരുന്നു അമിത്‌ ഷാ. ചർച്ച മണിക്കൂറുകൾ നീണ്ടു. രാത്രി ഏറെ വൈകിയാണ്‌ ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ലയുമായി വിഷയം ചർച്ചചെയ്‌തത്‌. ഡിജിപിയിൽനിന്ന്‌ റിപ്പോർട്ട്‌ തേടാൻ തീരുമാനിച്ച്‌  ഇരുവരും പിരിഞ്ഞു. അഭിഭാഷക സംഘടനകളെയും പൊലീസ് ഉന്നതരെയും ഒന്നിച്ചിരുത്തിയുള്ള സമവായശ്രമം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സംഭവത്തില്‍ കോടതി അഭിഭാഷകർക്കൊപ്പംനിന്നപ്പോൾ വകുപ്പുമന്ത്രി കൈവിട്ടെന്ന നിരാശയിലാണ് ഡൽഹി പൊലീസ്‌. രണ്ട്‌ ദിവസമായി അവരുടെ ജോലിയിലും ഇത്‌ പ്രകടം. തീവ്രവാദഭീഷണിയടക്കം നിലനിൽക്കുന്ന ഡൽഹിയിൽ ക്രമസമാധാനപാലനം ഉറപ്പുവരുത്തേണ്ട പൊലീസ്‌ ആത്മവീര്യം കെട്ട്‌ നിസ്സംഗരായി. മന്ത്രിസഭയിലെ രണ്ടാമൻ രാജ്‌നാഥാണെങ്കിലും മോഡിക്കുമേൽ കൂടുതൽ സ്വാധീനം അമിത്‌ ഷായ്‌ക്കാണ്‌. എന്നാല്‍, ഡൽഹി സംഭവത്തില്‍ ഷാ പൂർണ പരാജയമായി. ആഭ്യന്തരമന്ത്രാലയവും മൗനം തുടരുന്നു. ഉദ്യോ​ഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. പത്രക്കുറിപ്പ്‌ പോലും മന്ത്രാലയം ഇറക്കിയില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top