Deshabhimani

ഡൽഹിയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കുത്തേറ്റ് മരിച്ചു; പ്രധാന പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 02:38 PM | 0 min read

ഡൽഹി > ഡൽഹിയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന പ്രതി കൊല്ലപ്പെട്ടു. ഡൽഹിയിലെ സംഗം വിഹാർ ഏരിയയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രധാന പ്രതിയായ രാഘവ് ആണ് വെടിയേറ്റ് മരിച്ചത്. പട്രോളിംഗിനിടെ 28 കാരനായ കിരൺ പാൽ എന്ന കോൺസ്റ്റബിളിനെ രാഘവ് ഉൾപ്പടെ മൂന്ന് പേർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വെള്ളി രാത്രി ഗോവിന്ദ്പുരി മേഖലയിൽ ഇരുചക്ര വാഹനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം മോഷണം നടത്തുന്നത് കിരണിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സം​ഘത്തെ പിടികൂടുന്നതിനിടെയാണ് കിരൺ കുത്തേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ച് പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. കേസിൽ പ്രതികളായ ദീപക് മാക്സ്(20), ക്രിഷ് ​ഗുപ്ത(18) എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

സം​ഗം വിഹാറിൽ രാ​ഘവ് താമസിക്കുന്ന സ്ഥലം കണ്ടെത്തി പൊലീസ് രാത്രി വീട് വളയുകയായിരുന്നു. പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസിന് നേരെ ഇയാൾ വെടിയുതിർത്തു. തുടർന്ന് സ്വയ രക്ഷയ്ക്കായി പൊലീസ് തിരികെ വെടിയുതിർത്തപ്പോഴാണ് രാഘവിന് വെടിയേറ്റത്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് രാഘവ് മരിച്ചത്. പ്രതികൾ മയക്കുമരുന്നിന് അടിമയാണെന്നും ചില പെറ്റി കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളതായും പോലീസ്  പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home