09 December Monday

അഞ്ച് വര്‍ഷത്തിനിടയിലെ ആദ്യ വാര്‍ത്താസമ്മേളനത്തിലും ചോദ്യങ്ങളെ 'പേടിച്ച്' മോഡി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

ന്യൂഡൽഹി> അഞ്ചുവർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിമുഖീകരിച്ചു.  എന്നാൽ, ചോദ്യങ്ങളോട‌് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്ക‌് ബിജെപി അധ്യക്ഷൻ അമിത‌് ഷായാണ‌്  മറുപടി പറഞ്ഞത‌്. മോഡിക്ക‌് നേരെ ഇടയ‌്ക്ക‌് ചോദ്യമുയർന്നപ്പോൾ താനൊരു അച്ചടക്കമുള്ള പടയാളിയാണെന്നും അധ്യക്ഷനാണ‌് തനിക്കെല്ലാമെന്നും പറഞ്ഞുകൊണ്ട‌് അമിത‌് ഷായെ തന്നെ മറുപടി പറയാൻ ഏൽപ്പിച്ചു.

മറ്റൊരു ഘട്ടത്തിൽ ഷായുടെ മറുപടിയിൽ തൃപ‌്തനാകാതെ മോഡിയോട‌് ചോദ്യം ആവർത്തിച്ചപ്പോൾ താങ്കളുടെ ചോദ്യത്തിന‌് താൻ മറുപടി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്ന‌് നിർബന്ധമില്ലെന്നും ബിജെപി അധ്യക്ഷൻ കർക്കശമായി പറഞ്ഞു. പ്രധാനമന്ത്രിയോടാണ‌് ചോദ്യമെന്ന‌് പറഞ്ഞ‌് മറ്റൊരു മാധ്യമപ്രവർത്തകൻ കെസിആറിന്റെ ഫെഡറൽ മുന്നണി ശ്രമങ്ങളെ കുറിച്ച‌് ആരാഞ്ഞപ്പോഴും അമിത‌് ഷാ തന്നെ മറുപടി നൽകി.

നാലരയോടെ ബിജെപി ആസ്ഥാനത്തെ വാർത്താസമ്മേളന ഹാളിലേക്ക‌് അമിത‌് ഷായ‌്ക്കൊപ്പം മോഡിയെത്തി. മുന്നൂറിലേറെ സീറ്റ‌് ബിജെപിക്ക‌് ലഭിക്കുമെന്നും എൻഡിഎ സർക്കാർ വീണ്ടും നിലവിൽ വരുമെന്നും മോഡി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുമെന്നും അമിത‌് ഷാ അവകാശപ്പെട്ടു. തുടർന്ന‌് സംസാരിച്ച മോഡി താൻ പണ്ട‌് ബിജെപി ഓഫീസിൽ പതിവായി മാധ്യമപ്രവർത്തകരെ കാണാറുണ്ടായിരുന്നു എന്ന‌് പറഞ്ഞാണ‌് തുടങ്ങിയത‌്. തെരഞ്ഞെടുപ്പ‌് ഗംഭീരമായിരുന്നുവെന്നും തനിച്ച‌് ഭൂരിപക്ഷത്തിൽ അഞ്ചുവർഷം ഭരിച്ച ഒരു സർക്കാർ വീണ്ടും ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നത‌് ഏറെ നാളുകൾക്ക‌് ശേഷമായിരിക്കുമെന്നും മോഡി തുടർന്നു. വീണ്ടും അധികാരത്തിൽ എത്തിയാലുടൻ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കി തുടങ്ങും–- മോഡി പറഞ്ഞു.

യുപിഎ ഭരണകാലത്ത‌് പ്രധാനമന്ത്രി മൻമോഹൻ സിങ‌് മാധ്യമങ്ങളെ കാണുന്നില്ലെന്ന‌് നിരന്തര വിമർശനം അന്ന‌് ഗുജറാത്ത‌് മുഖ്യമന്ത്രിയായിരുന്ന മോഡി ഉയർത്തിയിരുന്നു. മൻമോഹൻ സിങ്ങിനെ മൗനമോഹൻ സിങ‌് എന്ന‌് പരിഹസിക്കുകയും ചെയ‌്തു. എന്നാൽ, എതാനും വാർത്താസമ്മേളനങ്ങൾ വിളിച്ചുചേർത്ത മൻമോഹൻ സിങ‌് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക‌് വിശദമായി തന്നെ മറുപടി നൽകിയിരുന്നു. 2014 ൽ അധികാരത്തിൽ വന്ന മോഡി ഒരുവട്ടം പോലും വാർത്താസമ്മേളനം വിളിച്ചില്ല. ബിജെപി പക്ഷക്കാരായി അറിയപ്പെടുന്ന ചില ദൃശ്യമാധ്യമ പ്രവർത്തകർക്ക‌് മാത്രം അഭിമുഖം അനുവദിച്ചു. അതിലൊരു അഭിമുഖം റഡാർ, ഡിജിറ്റൽ ക്യാമറ, ഇമെയിൽ തുടങ്ങിയ പരാമർശങ്ങളാൽ വിവാദമായി മാറുകയും ചെയ‌്തു.


പ്രധാന വാർത്തകൾ
 Top