15 July Wednesday

പിഎം കെയേഴ്‌സ്‌ ഫണ്ട് : വിശദാംശം പുറത്തുവിടില്ലെന്ന്‌ പിഎംഒ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
പിഎം കെയേഴ്‌സ്‌ ഫണ്ടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പ്രധാനമന്ത്രി കാര്യാലയം. പൊതുനിയന്ത്രണത്തിന്‌ കീഴിലുള്ള ഫണ്ടല്ലാത്തതിനാല്‍ വിവരാവകാശനിയമ പരിധിയിൽ വരില്ലെന്നാണ് വിശദീകരണം.

കോവിഡ്‌ അടക്കമുള്ള അടിയന്തരസാഹചര്യത്തില്‍ സഹായം നൽകാനെന്ന പേരില്‍ മാർച്ച്‌ 28നാണ്‌  ട്വിറ്റർ അക്കൗണ്ട്‌ വഴി പ്രധാനമന്ത്രി ഫണ്ട് രൂപീകരണം പ്രഖ്യാപിച്ചത്. ഫണ്ടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ നിയമവിദ്യാർഥിയായ ശ്രീഹർഷാ കണ്ടുകുറി എന്നയാൾ ഏപ്രിൽ ഒന്നിന്‌ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകി. 30 ദിവസം പിന്നിട്ടിട്ടും മറുപടി കിട്ടാത്തതിനെ തുടർന്ന്‌ അപ്പീൽ നൽകി. പിഎം കെയേഴ്‌സ്‌ ഫണ്ട്‌ വിവരാവകാശനിയമത്തിന്റെ 2  (എച്ച്‌ ) വകുപ്പിന്‌ കീഴിൽ വരില്ലെന്നും അതിനാൽ വിശദാംശങ്ങൾ നൽകാനാകില്ലെന്നുമാണ്‌ കാര്യാലയത്തിന്റെ പ്രതികരണം.

ദുരിതാശ്വാസനിധി പോലെയുള്ള ഫണ്ടുള്ളപ്പോള്‍ പുതിയതായി ഫണ്ടിന്റെ ആവശ്യം വ്യക്തമല്ലെന്നും ഫണ്ടിന്റെ പേര്‌, സർക്കാർ മുദ്രയുടെ ഉപയോഗം, സർക്കാർ ഡൊമെയ്‌ൻ നെയിം ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽനിന്നും ഇത്‌ പൊതുഫണ്ടാണെന്ന വസ്‌തുത വ്യക്തമാണെന്നും വീണ്ടും അപ്പീല്‍ നല്‍കുമെന്നും ബംഗളൂരു അസിംപ്രേംജി സർവകലാശാലയിലെ വിദ്യാർഥിയായ ശ്രീഹർഷാ കണ്ടുകുറി പറഞ്ഞു.

പൊതുഫണ്ട് തന്നെ: ഓൾ ഇന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ
പിഎം കെയേഴ്‌സ്‌ ഫണ്ടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിലപാടിൽ ഓൾ ഇന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ ആശങ്ക രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ കാര്യാലയത്തിലൂടെ കേന്ദ്രസർക്കാരാണ്‌ തുക നിയന്ത്രിക്കുന്നത്‌. അതിനാൽ, പിഎം കെയേഴ്‌സ്‌ ഫണ്ട്‌ പൊതുനിയന്ത്രണത്തിൽ തന്നെയാണുള്ളത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top