09 August Sunday

സംഘപരിവാറിന്‌ പണമൊഴുക്കാൻ പിഎം കെയേഴ്‌സ്‌ ; രാഷ്ട്രീയ സേവാ ഭാരതിക്ക്‌ കീഴിലുള്ള 736 സംഘടനകളുടെ പ്രവര്‍ത്തനം സർക്കാർ ചെലവില്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


ന്യൂഡൽഹി
കോവിഡ് ദുരിതാശ്വാസത്തിന്റെ പേരില്‍ ആർഎസ്‌എസ്‌ അനുബന്ധ സംഘടനകൾക്ക്‌ സര്‍ക്കാര്‍ ഫണ്ട് കൈമാറുന്നത് പുറത്തുവന്നതോടെ, പിഎം കെയേഴ്‌സ്‌ ഫണ്ട് വിനിയോ​ഗത്തിലും ദുരൂഹത. സംഘപരിവാർ സംഘടനകളിലേക്ക്‌  പിഎം കെയേഴ്‌സിൽനിന്ന്‌ പണം ഒഴുകുന്നുണ്ടോ എന്ന്‌ വ്യക്തമാക്കണമെന്ന ആവശ്യം ശക്തമായി. രാജ്യത്തെ സന്നദ്ധസംഘടനകളിലേറെയും കോവിഡ് കാലത്ത് സ്വന്തംനിലയില്‍ പണംകണ്ടെത്തി പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയ സേവാ ഭാരതിക്ക്‌ (ആർഎസ്‌ബി) കീഴിലുള്ള 736 സംഘടന സർക്കാർ ചെലവിലാണ് പ്രവര്‍ത്തനം. ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ‌ സബ്‌സിഡി നിരക്കിൽ വന്‍തോതില്‍ ഭക്ഷ്യധാന്യവും നല്‍കുന്നു.

പണം എവിടെനിന്ന്, ആരിലേക്ക്?
പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയെ നോക്കുകുത്തിയാക്കിയാണ്‌ പിഎം കെയേഴ്‌സ് എന്ന സ്വകാര്യ ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌. സിഎജി ഓഡിറ്റിനു വിധേയമാകുന്ന ദേശീയ ദുരിതാശ്വാസ നിധിയില്‍ മാർച്ച്‌ അവസാനം  3800.44 കോടി രൂപ ബാക്കിയുണ്ട്‌. 2018–-19ൽ 783.18 കോടിയാണ്‌ വരവ്‌. ഇതിൽ ചെലവാക്കിയത് 212.5 കോടിമാത്രം. എന്നാല്‍, വിവരാവകാശനിയമത്തിനും സർവ ഓഡിറ്റിങ് ഏജൻസി നിരീക്ഷണത്തിനും പുറത്തുള്ള പിഎം കെയേഴ്‌സില്‍ എത്രതുകയെത്തിയെന്ന് വ്യക്തമല്ല.
സര്‍ക്കാര്‍ സംവിധാനം ഉപയോ​ഗിച്ച് ശേഖരിക്കുന്ന പണം സംഘപരിവാർ സംഘടനകളിലേക്ക് വഴിതിരിച്ചുവിടുകയാണ്‌.

ചൈനീസ് സംഭാവനയേറെ
ചൈനീസ്‌ ആപ്പുകള്‍ നിരോധിക്കപ്പെടുന്നതിന് മുന്നോടിയായി നിരവധി ചൈനീസ്‌ കമ്പനികൾ പിഎം കെയേഴ്സിലേക്ക്‌ സംഭാവന നൽകി. ടിക്‌ടോക്‌ 30 കോടിയും ഷവോമി 10 കോടിയും‌ നൽകി. ചൈനീസ്‌ കമ്പനികളുടെ വൻ നിക്ഷേപമുള്ള സ്‌റ്റാർട്ടപ്പുകളായ പേ ടിഎം, ഓല, ഓയോ തുടങ്ങിയവയും സംഭാവന നൽകി. സംഭാവന നൽകിയവർ വെളിപ്പെടുത്തുന്ന കണക്കാണിത്.
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top