28 September Monday

തിരുവനന്തപുരം വിമാനത്താവളത്തിലും എയിംസിലും ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

ന്യൂഡൽഹി> മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവൽക്കരണത്തിൽ നിന്നും ഒഴിവാക്കി അതിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരിന് നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കേരളത്തിന് എയിംസ് അനുവദിക്കണം എന്നതടക്കമുള്ള കാര്യങ്ങളോട് പ്രധാനമന്ത്രി അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ ആവശ്യപ്പെട്ടതാണ്. ലേലത്തിലും അത് നേടിയെടുക്കാൻ കഴിഞ്ഞില്ല. അദാനി ഗ്രൂപ്പിനാണ് കിട്ടിയത്. അവർക്ക് ഒരു വിമാനത്താവളം മുമ്പ് നടത്തി പരിചയവുമില്ല. സിയാൽ അടക്കമുള്ള വിമാനത്താവളങ്ങൾ സർക്കാർ നേതൃത്വത്തിലുള്ള കമ്പനിയാണ് നടത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ അടക്കം പ്രശംസ ലഭിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളവും വിജയകരമായി മുന്നോട്ടുപോകുകയാണ്. ആ മുൻപരിചയംവെച്ച് സർക്കാരിന് തിരുവനന്തപുരം വിമാനത്താവളവും നടത്തിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

മുമ്പ് കേന്ദ്ര വ്യോമയാന സെക്രട്ടറി സർക്കാരിന് ഉറപ്പു നൽകിയിരുന്നു. ഏതെങ്കിലും ഘട്ടത്തിൽ സ്വകാര്യാ മേഖലയെ പരിഗണിക്കുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്ത് പരിഗണിക്കും എന്ന് പറഞ്ഞിരുന്നു. 635 ഏക്കർ സ്ഥലം വിമാനത്താവളത്തിനുണ്ട്. അത് തിരുവിതാംകൂർ മഹാരാജാവും സംസ്ഥാനസർക്കാരും നൽകിയ സ്ഥലമാണ്. അതുകൊണ്ടാണ് ഇത് സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകരുതെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള വസ്തുതകൾ പ്രധാനമന്ത്രി കേട്ടു. അനുകൂലമായ നടപടി ഉണ്ടായേക്കാമെന്നും പ്രതീക്ഷയുണ്ട്. അതുമായി ബന്ധപെട്ട് ഉന്നയിച്ച കാര്യങ്ങൾ ഒന്നും തള്ളിക്കളയാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റൊന്ന് മൂന്നു വർഷം മുമ്പ് 2016ൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചത് ഗെയിൽ പൈപ്പ് ലൈനിന്റെ കാര്യമായിരുന്നു. അത് പൂർത്തിയാക്കാൻ കഴിയുമോ എന്ന അദ്ദേഹം ചോദിച്ചു. അക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. അടുത്തമാസം അത് പൂർണമായും പ്രവർത്തന സജ്ജമാകും.

മറ്റൊന്ന് പരിഗണിക്കാതിരുന്നത് എന്നാൽ കേരളത്തെക്കുറിച്ച് അറിയുന്നവർ ആരും കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് അംഗീകരിക്കുന്നതാണ് എയിംസിന്റെ പ്രശ്നം. സ്ഥലം നിർദേശിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ ഇരുനൂറു ഏക്കർ സ്ഥലം നിർദേശിച്ചു. എന്നാൽ ഇതുവരെ ഒരു ബജറ്റിലും കേന്ദ്രസർക്കാർ ഇത് പരിഗണിച്ചില്ല. അതിൽ ഒരു ന്യായവും സർക്കാരിന് പറയാനില്ല. അതും ശ്രദ്ധാപൂർവം കേട്ട് പരിശോധിക്കാം എന്ന് ഉറപ്പുനല്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ആയുർവേദത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിക്കാറുണ്ട് . കേരളത്തിൽ ആയുർവേദവുമായി ബന്ധപ്പെട്ട അന്താരഷ്ട്ര  ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യത്തിൽ സാമ്പത്തിക സഹായം നമ്മൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് വ്യാപിപ്പിക്കണം എന്ന് ആവശ്യപെട്ടിട്ടുണ്ട്. നേരത്തെയും ആവശ്യപ്പെട്ടതാണ്. വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗെയിൽ പൈപ്പ് ലൈൻ പ്രവർത്തനം അവസാന ഘട്ടം ആയി എന്നുള്ളത് ഇതിനൊക്കെ ഗുണം ചെയ്യും. അക്കാര്യത്തിൽ അനുമതി കേന്ദ്ര സർക്കാർ നൽകണം എന്നും ആവശ്യപെട്ടിട്ടുണ്ട്.

അനുമതിയുടെ വക്കിലെത്തിയ പെട്രോ കെമിക്കൽ കോംപ്ലക്സ് നിർമിക്കുന്നതിനും കൊച്ചിൻ റിഫൈനറിയുടെ നവീകരണത്തിനായി 600 ഏക്കർ ഭൂമി കൈമാറുന്നതിന് കേന്ദ്ര രാസവളവസ്തു വകുപ്പിന്റെ അനുമതിയാണ് വേണ്ടത്.  എന്നാൽ ഇതുവരെ ലഭ്യമായിട്ടില്ല. ഭൂമി കൈമാറുന്നതിന് എല്ലാ കാര്യങ്ങളും അവസാനഘട്ടത്തിൽ എത്തിയതാണ്. അക്കാര്യത്തിലും നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുന്പുറമെ ദേശീയപാത വികസനവുമായി ബന്ധപെട്ട് നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കൂടെ ഉണ്ടായിരുന്നു. 600 കിലോമീറ്റർ ദേശീയപാത വികസനത്തിന് 44000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് വന്ന വിഷയം ഭൂമിക്ക് നൽകേണ്ടി വരുന്ന അധിക തുകയാണ്. അത് പരിഹരിച്ചിരുന്നെങ്കിലും വീണ്ടും ദേശീയ പാത അതോറിട്ടി അതൊരു തടസ്സവാദമായി ഉന്നയിക്കുന്ന സാഹചര്യമുണ്ട്.

ഗഡ്കരി മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ചിലത് അംഗീകരിക്കാനും ചിലത് അഗീകരിക്കാതിരിക്കാനും കഴിയുന്നതാണ്. അതുകൊണ്ട് കൂടുതൽ ധാരണയുണ്ടാക്കാൻ വീണ്ടും ഒരു ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന റോഡ് പ്രൊജക്റ്റ് ഏറ്റവുംവേഗം ഏറ്റെടുക്കാൻ കഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ പാതകളായി അംഗീകരിക്കാൻ കഴിയുന്ന ചില റോഡുകളും അതോടൊപ്പം ജല ഗതാഗത സംവിധാനം വേഗത്തിലാക്കാനുമുള്ള കാര്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top