31 May Sunday
വീഡിയോദൃശ്യം ഫോറൻസിക്‌ പരിശോധനയ്ക്കയച്ചില്ല

പെഹ്‌‌ലുഖാൻ വധം : 6 പ്രതികളെയും വെറുതെവിട്ടു; മേൽക്കോടതിയെ സമീപിക്കുമെന്ന്‌ പെഹ്‌ലുഖാന്റെ കുടുംബം

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2019


ന്യൂഡൽഹി
ക്ഷീരകർഷകൻ പെഹ്‌ലുഖാനെ പശുസംരക്ഷകർ തല്ലിക്കൊന്ന കേസിൽ ആറു പ്രതികളെയും കോടതി വെറുതെവിട്ടു. പ്രായപൂർത്തിയാകാത്ത മൂന്നുപേരുടെ വിചാരണ ജുവനൈൽ കോടതിയിൽ തുടരുകയാണ്‌. ശക്തമായ തെളിവുകളുടെ അഭാവത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ്‌ ആൾവാർ അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ ഡോ. സരിതാസ്വാമി വിപിൻയാദവ്‌, രവീന്ദ്രകുമാർ, കാലുറാം, ദയാനന്ദ്‌, യോഗേഷ്‌ കുമാർ, ഭീംരതി എന്നീ പ്രതികളെ വെറുതെവിട്ടത്‌. ഹരിയാനയിലെ ക്ഷീര കർഷകനായ പെഹ്‌ലുഖാനെ രാജസ്ഥാനിലെ ആൾവാറിൽ 2017 ഏപ്രിൽ ഒന്നിനാണ്‌ പശുക്കടത്ത്‌ ആരോപിച്ച്‌ തല്ലിക്കൊന്നത്‌.

ബെഹ്‌റോറിൽ നടന്നുവന്ന വിചാരണ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ്‌ ആൾവാറിലേക്ക്‌ മാറ്റിയത്‌. പെഹ്‌ലുഖാന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തവരിൽ ആറുപേരെ രാജസ്ഥാൻ ക്രൈംബ്രാഞ്ച്‌ –-സിഐഡി വിഭാഗം നേരത്തെ വെറുതെവിട്ടിരുന്നു. ശേഷിക്കുന്ന ഒമ്പതു പ്രതികളിൽ ആറുപേരെയാണ്‌ ബുധനാഴ്‌ച വെറുതെ വിട്ടത്‌. മരണമൊഴിയിൽ പറഞ്ഞ സംഘപരിവാർ ബന്ധമുള്ളവരെ ഒഴിവാക്കി പകരക്കാരെ പ്രതികളാക്കി പൊലീസ്‌ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ രാജസ്ഥാനിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാരും തീവ്രഹിന്ദുത്വ സംഘടനകളും ഇടപെട്ടാണ്‌ അന്വേഷണം അട്ടിമറിച്ചത്‌. പ്രോസിക്യൂഷനും നിസംഗത പാലിച്ചതോടെ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. നീതി നിഷേധിക്കപ്പെട്ടുവെന്നും ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നും പെഹ്‌ലൂഖാന്റെ കുടുംബം പ്രതികരിച്ചു.

ജയ്‌പുരിലെ ചന്തയിൽനിന്ന്‌ കന്നുകാലികളെ വാങ്ങി മടങ്ങുമ്പോഴാണ്‌ പെഹ്‌ലുഖാനെയും മക്കളെയും  ഗോസംരക്ഷകർ ക്രൂരമായി മർദിച്ചത്‌. രണ്ട്‌ ദിവസത്തിനുശേഷം പെഹ്‌ലുഖാൻ ആശുപത്രിയിൽ മരിച്ചു. മെഡിക്കൽ രേഖകളിലെ വൈരുധ്യവും കൃത്യമായ സാക്ഷിമൊഴികളുടെ അഭാവവും നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസക്കുറവും വിധിന്യായത്തിൽ കോടതി എടുത്തുപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ്‌ പെഹ്‌ലുഖാന്റെ മരണമെന്ന്‌ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറഞ്ഞു. ക്രൂരമായ മർദനത്തെ തുടർന്നുണ്ടായ ആന്തരികക്ഷതങ്ങളാണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌.

പെഹ്‌ലുഖാനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സാക്ഷിയെ കോടതിയിൽ എത്തിക്കുന്നതിൽ പൊലീസ്‌ വീഴ്‌ച വരുത്തി. മർദനദൃശ്യങ്ങൾ അടങ്ങിയ സിഡി ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയച്ചില്ല. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട്‌ 44 സാക്ഷികളെ വിസ്‌തരിച്ചു. ഈമാസം ഏഴിനാണ്‌ വാദം പൂർത്തിയാക്കിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top