15 September Sunday

പെഹ്‌ലൂഖാൻ; ആൾക്കൂട്ട ആക്രമണങ്ങളുടെ ഇര

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

ന്യൂഡൽഹി > ബിജെപി ഭരണകാലത്ത്‌ ഗോസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തിയ ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരയാണ്‌ പെഹ്‌ലൂഖാൻ എന്ന ക്ഷീരകർഷകൻ. രാജസ്ഥാനിൽ അധികാരത്തിലിരുന്ന ബിജെപിസർക്കാർ തുടക്കംമുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചു.

2017 ഏപ്രിൽ ഒന്നിനാണ്‌ ജയ്‌പുരിൽനിന്ന്  കന്നുകാലികളെ വാങ്ങി മടങ്ങവേ രാജസ്ഥാനിലെ ആൾവാറിൽവച്ച്‌  പശുക്കടത്ത്‌ ആരോപിച്ച്‌ 200 പേരടങ്ങുന്ന ഗോസംരക്ഷണസേന പെഹ്‌ലൂഖാനെ ആക്രമിച്ചത്‌. ഒപ്പമുണ്ടായിരുന്ന രണ്ട്‌ മക്കൾക്കും നാല്‌ സഹായികൾക്കും പരിക്കേറ്റു. ‌ഗുരുതരമായി പരിക്കേറ്റ പെഹ്‌ലൂഖാൻ രണ്ട്‌ ദിവസത്തിനുശേഷം ആശുപത്രിയിൽ മരിച്ചു. ആക്രമണത്തിൽ പങ്കാളികളായവരുടെ വിവരം പെഹ്‌ലൂഖാൻ മരണമൊഴിയായി നൽകിയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ്‌ദളിന്റെയും ആറ്‌ പ്രവർത്തകർക്കെതിരെയായിരുന്നു മൊഴി. എന്നാൽ, ഇവരുടെ വിവരങ്ങൾ പൊലീസ്‌ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയില്ല.  പെഹ്‌ലൂഖാനും മക്കളായ ഇർഷാദിനും ആരിഫിനുമെതിരെ പശുക്കടത്താരോപിച്ച്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയായിരുന്നു. പശുക്കളെ വിലയ്‌ക്കു വാങ്ങിയതിന്റെ എല്ലാ രേഖകളും ക്ഷീരകർഷകനായ പെഹ്‌ലൂഖാന്റെ കൈയിൽ ഉണ്ടായിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കുശേഷമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. 

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ട കേസാണ്‌ പൊലീസ്‌ ദുർബലമാക്കിയത്‌. കേന്ദ്രമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഡോ. ശർമ പെഹ്‌ലൂഖാന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌  മാറ്റിഎഴുതി.  പെഹ്‌ലൂഖാൻ  മരിച്ചത്‌ ഹൃദയാഘാതം മൂലമാണ്‌ എന്നായിരുന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. പെഹ്‌ലൂഖാനെ സംഘ്പരിവാർ അക്രമിസംഘം അരുംകൊലചെയ്‌തതിനെ അന്നത്തെ രാജസ്ഥാൻ ആഭ്യന്തരമന്ത്രി ന്യായീകരിച്ചു. 2017 സെപ്‌തംബറിൽ കേസിലെ പ്രധാന പ്രതികൾക്കെതിരെയുള്ള അന്വേഷണം പൊലീസ്‌ അവസാനിപ്പിച്ചു. ഇവരെ പ്രതിപ്പട്ടികയിൽനിന്നും എഫ്‌ഐആറിൽനിന്നും ഒഴിവാക്കി.
കേസിലെ പ്രധാന സാക്ഷിക്കുനേരെ വെടിവയ്‌പ്പും ഉണ്ടായി. വാദം നടക്കുന്നതിനിടെ കോടതിയിൽ പോകുംവഴി നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽനിന്ന്‌ വെടിയുതിർക്കുകയായിരുന്നു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top