27 September Monday

പെഗാസസ്‌ ഫോൺ ചോർത്തൽ വിവാദത്തിൽ എൻഡിഎയിൽ ഭിന്നത; അന്വേഷണമാവശ്യപ്പെട്ട്‌ ജെഡിയു

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

പട്‌ന > പെഗാസസ്‌ ഫോൺ ചോർത്തലിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ എൻഡിഎയിൽ ഭിന്നത. വിവാദത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച്‌ സഭയിൽ ചർച്ച ചെയ്യണമെന്നും ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാർ ആവശ്യപ്പെട്ടു. വിവാദത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെടുന്ന ഹർജികൾ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സഖ്യകക്ഷിയായ ജെഡിയുവും അന്വേഷണമാവശ്യപ്പെട്ടതോടെ ബിജെപി സമ്മർദത്തിലായി.

ഫോണ്‍ ചോര്‍ത്തൽ വിവാദത്തെ കുറിച്ച്‌ ദിവസങ്ങളായി ചർച്ച ചെയ്യുകയാണ്‌. സംഭവത്തിൽ അന്വേഷണം ആവശ്യമാണ്‌. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച്‌  വിഷയം പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യണമെന്ന്‌ നിതീഷ് കുമാര്‍ പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധ കമ്പിനിയായ എൻഎസ്‌ഒയുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ വിവിധ രാജ്യങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെയും ആക്‌ടിവിസ്‌റ്റുകളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയുമടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വാർത്ത ലോകത്തെ പ്രമുഖ 17 മാധ്യമങ്ങൾ ചേർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പുറത്തുവന്നത്‌. വിഷയത്തിൽ ഫ്രാൻസ്‌ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എല്ലാം പരസ്യപ്പെടുത്തണം: 
നിതീഷ്‌ കുമാർ
പെഗാസസ്‌ വിഷയത്തിൽ എല്ലാ കാര്യവും പരസ്യപ്പെടുത്തണമെന്ന്‌ ബിഹാർ മുഖ്യമന്ത്രി - നിതീഷ്‌ കുമാർ. ആളുകളെ അപമാനിക്കാനും ബുദ്ധിമുട്ടിക്കാനുമായി ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ഇവ എങ്ങനെ ചെയ്യുന്നുവെന്ന്‌ ആർക്കും അറിയില്ല. ഫോൺ ചോർത്തലിനെക്കുറിച്ച്‌ കുറേ ദിവസമായി ചർച്ചകൾ നടക്കുകയാണ്‌. പാർലമെന്റിൽ ഉന്നയിക്കപ്പെട്ടു. മാധ്യമങ്ങളിലും വന്നു. നിശ്‌ചയമായും വിഷയം ചർച്ചചെയ്യുകയും പരിശോധിക്കുകയും വേണം. എല്ലാ കാര്യവും പരസ്യപ്പെടുത്തണം - നിതീഷ്‌ കുമാർ പറഞ്ഞു.

പെഗാസസ്‌ വാർത്തകളിൽ അടിസ്ഥാനമില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നുമാണ്‌ സർക്കാർ നിലപാട്‌. നിയമവിരുദ്ധമായ നിരീക്ഷണം ഇന്ത്യയിൽ സാധ്യമല്ലെന്ന്‌ ഐടി–- ഇലക്‌ട്രോണിക്‌സ്‌ മന്ത്രി അശ്വനി വൈഷ്‌ണവ്‌ പാർലമെന്റിൽ പ്രസ്‌താവിച്ചിരുന്നു. ഇസ്രയേൽ കമ്പനിയായ എൻഎസ്‌ഒയിൽനിന്ന്‌ പെഗാസസ്‌ വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന്‌ വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാക്കളും സുപ്രീംകോടതി ജഡ്‌ജിയും മുൻ തെരഞ്ഞെടുപ്പ്‌ കമീഷണറും മാധ്യമപ്രവർത്തകരും സിബിഐ ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ചോർത്തൽ പട്ടികയിലുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top