27 September Monday

പെഗാസസ്‌ ഫോണ്‍ ചോര്‍ത്തല്‍ : സത്യം പുറത്തുവരണം: സുപ്രീംകോടതി

എം പ്രശാന്ത്‌Updated: Thursday Aug 5, 2021


ന്യൂഡൽഹി
പെഗാസസ്‌ ഫോൺ ചോർത്തല്‍ ആരോപണം ഗൗരവമുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ടെന്നും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണയും ജസ്റ്റിസ്‌ സൂര്യകാന്തും നിരീക്ഷിച്ചു. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കണമെന്ന ഹർജികളുടെ പകർപ്പ്‌ കേന്ദ്ര സർക്കാരിന്‌ കൈമാറാൻ നിർദേശിച്ച കോടതി കേസ്‌ ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വ്യാഴാഴ്ച ഹർജികൾ പരിഗണിക്കെ കേന്ദ്രത്തിനായി ആരും ഹാജരായില്ല. പാർലമെന്റിൽ പെഗാസസിനെക്കുറിച്ച് വാതുറക്കാത്ത സർക്കാരിന്‌ സുപ്രീംകോടതി ഇടപെടൽ തിരിച്ചടിയായി.

എന്തുകൊണ്ട്‌ ഐടി നിയമപ്രകാരം ക്രിമിനൽ പരാതി നൽകിയില്ലെന്നും 2019ൽ വെളിപ്പെടുത്തൽ ഉണ്ടായി രണ്ടുവർഷം കഴിഞ്ഞ് എന്തുകൊണ്ട്‌ ഹർജി സമർപ്പിച്ചെന്നും കോടതി ആരാഞ്ഞു. ആരൊക്കെയാണ്‌ ചോർത്തപ്പെട്ടതെന്ന് 2019ൽ വ്യക്തമാക്കപ്പെട്ടില്ലെന്ന്  കപിൽ സിബൽ അടക്കമുള്ള അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ചോർത്തൽ ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടു. സർക്കാരുകൾക്കുമാത്രമാണ്‌ പെഗാസസ്‌ നൽകിയതെന്ന്‌ എൻഎസ്‌ഒ വെളിപ്പെടുത്തി. ഫ്രാൻസും യുഎസും അന്വേഷണം തുടങ്ങി. ഇസ്രയേലിനോട്‌ വിശദീകരണം തേടി. ഇന്ത്യയിലും അന്വേഷണം വേണം. കോടതി ഇടപെടേണ്ട വിഷയമാണ് ഇത്‌. പെഗാസസ്‌ വാങ്ങിയോ ഇല്ലയോ എന്നുപോലും സർക്കാർ വ്യക്തമാക്കിയിട്ടില്ല–- അഭിഭാഷകർ ചൂണ്ടിക്കാട്ടി.

രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്‌, മുതിര്‍ന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇന്ത്യ, ചോർത്തലിന്‌ ഇരയായ പരൻജോയ്‌ ഗുഹ താക്കൂർത്ത, എസ്‌എൻഎം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ്‌കുമാർ സിങ്‌, ഇപ്‌സ ശതാക്ഷി, ജഗ്‌ദീപ് ഛൊക്കർ, നരേന്ദ്രകുമാർ മിശ്ര എന്നിവരാണ്‌ ഹര്‍ജി നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top