26 April Friday

നരേന്ദ്രമോഡിയുടെ വാരണാസി ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ; ഡൽഹിയെ പിന്തള്ളി പട്‌ന ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ന്യൂഡല്‍ഹി > ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഡൽഹിയെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരാണാസി അടക്കം 3 നഗരങ്ങൾ. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് കഴിഞ്ഞ കുറേക്കാലമായി ഈ പട്ടികയിൽ ഒന്നാമതുള്ളത്‌. എന്നാൽ ഐഐടി കാൺപുർ‐ശക്തി ഫൗണ്ടേഷൻ എന്നിവർ ചേർന്ന്‌ നടത്തിയ പഠനത്തിൽ കഴിഞ്ഞവർഷം ഈ പട്ടികയിൽ മാറ്റമുണ്ടെന്ന്‌ പറയുന്നു. ബിഹാറിന്റെ തലസ്ഥാനമായ പട്‌നയാണ്‌ രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള നഗരം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ കാൺപൂരും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസിയുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

അയൽരാജ്യമായ ചൈനയേക്കാൾ 50 ശതമാനം അധികമാണ്‌ ഇന്ത്യയിലെ മലിനീകരണമെന്ന്‌ പഠനത്തിൽ പറയുന്നു. പട്‌ന, കാൺപുർ, വാരണാസി എന്നീ നഗരങ്ങളിൽ വായുമലിനീകരണം മുൻകാലങ്ങളേക്കാൾ വളരെ കൂടുതലാണ്‌. പൊടിയും പുകയും നിറയുന്നതുകാരണം പലപ്പോഴും കാഴ്‌ചയ്‌ക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ ഇവിടങ്ങളിൽ സർക്കാരുകൾ ഈ വിഷയം ഗൗരവമായി കാണുന്നില്ലെന്നും പറയുന്നു.

മലിനീകരണം തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മാത്രം പറയേണ്ട വിഷയമായി ഇന്ത്യയ്‌ക്ക്‌ അധികകാലം മുന്നോട്ടുപോകാൻ കഴിയില്ലെന്ന്‌ യൂറോപ്യൻ ക്ലൈമറ്റ് ഫൗണ്ടേഷൻ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ലോറൻസ്‌ ടുബ്യാന പറയുന്നു. തൊഴിലില്ലാല്‌മയുടെയും ദരിദ്രനിർമാർജനത്തിന്റെയും ഒപ്പം മലിനീകരണ നിയന്ത്രണവും പ്രധാന വിഷയമാകുമെന്നാണ്‌ അവരുടെ നിഗമനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top