02 July Thursday

പിപിഇ കിറ്റോ എൻ 95 മാസ്‌കോ നൽകുന്നില്ല, ‘അതിഭീകര സാഹചര്യം’; ഗുജറാത്തിലെ ആശുപത്രികളിലെ ശോചനീയാവസ്ഥ‌ വിവരിച്ച് ആരോഗ്യപ്രവർത്തകന്റെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

അഹമ്മദാബാദ്‌ സിവിൽലൈൻ ആശുപത്രി

ന്യൂഡൽഹി
ഗുജറാത്തിലെ ആശുപത്രികളിലെ ശോചനീയാവസ്ഥ‌ ഹൈക്കോടതി അറിഞ്ഞത്‌ ഡ്യൂട്ടിക്കിടെ കോവിഡ്‌ ബാധിച്ച ആരോഗ്യപ്രവർത്തകരിൽ ഒരാൾ നൽകിയ കത്തിൽനിന്ന്‌. അഹമ്മദാബാദ്‌ സിവിൽലൈൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ  ആരോഗ്യപ്രവർത്തകനാണിയാൾ.

കത്തിലെ പ്രസക്തഭാഗങ്ങൾ: ‘‘ ആരോഗ്യപ്രവർത്തകർക്ക്‌ പിപിഇ കിറ്റോ എൻ–-95 മാസ്‌കോ നൽകുന്നില്ല. എല്ലാ കോവിഡ്‌ രോഗികളെയും ജൂനിയർ റെസിഡന്റ്‌ ഡോക്ടർമാരാണ്‌ ചികിത്സിക്കുന്നത്‌. അടിയന്തരസാഹചര്യങ്ങളിൽപ്പോലും സീനിയർ പ്രൊഫസർമാരുടെ സേവനം ലഭ്യമല്ല.  700 റെസിഡന്റ്‌ ഡോക്ടർമാർ ഒരു ഹോസ്‌റ്റലിലാണ്‌ കഴിയുന്നത്‌. എന്റെ വിഭാഗത്തിൽ ജോലി ചെയ്യുന്ന എട്ട്‌ റെസിഡന്റുകൾക്കും രോഗമുണ്ട്‌. റെസിഡന്റുകൾക്ക്‌ പരിശോധന നടത്തുന്നതിനെ ആശുപത്രി മാനേജ്‌മെന്റ്‌ പ്രോത്സാഹിപ്പിക്കുന്നില്ല.  ഞാൻ ഉൾപ്പെടെ 30 റെസിഡന്റുമാർ ആശുപത്രിക്ക്‌ അടുത്തുള്ള ഹോട്ടലിൽ ഐസൊലേഷനിലാണ്‌.

ഞങ്ങളുമായി ബന്ധപ്പെടാനോ ആവശ്യമായ കാര്യങ്ങൾ ചെയ്‌തുതരാനോ മാനേജ്‌മെന്റ്‌ തയ്യാറായിട്ടില്ല. റെസിഡന്റുകൾക്ക്‌ പരിശോധന നടത്തിയാൽ, പകുതിപേർക്കെങ്കിലും രോഗമുണ്ടാകും. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ, അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കും. കോവിഡ്‌ ഡ്യൂട്ടി ചെയ്യാത്ത ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്നത്‌ സാഹചര്യങ്ങൾ വളരെ മോശമാണെന്നതിന്റെ തെളിവാണ്‌. എനിക്ക്‌ രോഗം സ്ഥിരീകരിച്ച ദിവസം മൂന്ന്‌ സാധാരണ പ്രസവത്തിലും ഒരു സിസേറിയനിലും ഭാഗമാകേണ്ടി  വന്നു. ഇരുപതോളം രോഗികളുമായും നവജാതശിശുക്കളുമായും ഇടപഴകേണ്ടി വന്നു. എന്നാൽ, ഇതുവരെയായിട്ടും ഞാനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടില്ല. 25 വയസ്സുള്ള എനിക്ക്‌ രോഗം സ്ഥിരീകരിച്ചത്‌ വലിയ കാര്യമല്ല. അഞ്ച്‌ ദിവസംകൊണ്ട്‌ ഞാൻ സാധാരണ അവസ്ഥയിലേക്ക്‌ തിരിച്ചെത്തും. എന്നാൽ, ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും കാര്യത്തിൽ അതല്ല സാഹചര്യമെന്ന വസ്‌തുത മനസ്സിലാക്കണം’’–- കത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top