20 September Monday
13 എംപിമാര്‍ക്ക് സ്‌പീക്കറുടെ താക്കീത്

സഭയില്‍ പ്രതിപക്ഷ രോഷം ; ചര്‍ച്ച ആവശ്യപ്പെട്ട് ഒറ്റക്കെട്ടായി നീക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021


ന്യൂഡൽഹി
രാജ്യസുരക്ഷയെ ബാധിക്കുന്ന പെഗാസസ്‌ ചാരപ്പണിയില്‍ ചർച്ചയ്‌ക്ക്‌ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ രോഷമിരമ്പി. പ്രതിഷേധിച്ചവരില്‍ എ എം ആരിഫ്‌, ഡീൻ കുര്യാക്കോസ്‌, ഹൈബി ഈഡൻ എന്നിവരടക്കം 13 അംഗങ്ങളെ സ്‌പീക്കർ ചേംബറിൽ വിളിപ്പിച്ച്‌ താക്കീതുചെയ്‌തു.  ഫോണ്‍ ചോര്‍ത്തലില്‍ അടിയന്തര ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം സഭയില്‍ നോട്ടീസ് നല്‍കി. ആവശ്യം നിരസിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. ചെയറിനു മുന്നില്‍ പ്രതിഷേധം തുടരവെ ചില അംഗങ്ങൾ ഭരണപക്ഷ ബെഞ്ചിലേക്ക് കടലാസുകൾ കീറിയെറിഞ്ഞു. പ്രതിഷേധിച്ചവരെ സസ്‌പെൻഡ്‌ ചെയ്യണമെന്ന്‌ ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. ഉച്ചയ്‌ക്കുമുമ്പ്‌ മൂന്നു തവണ സഭ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോൾ പ്രതിഷേധത്തിനിടെ പാപ്പർകോഡ്‌ ബിൽ പാസാക്കി സഭ വ്യാഴാഴ്‌ചത്തേക്ക്‌ പിരിഞ്ഞു.

രാജ്യസഭയിൽ എളമരം കരീം, വി ശിവദാസൻ അടക്കമുള്ളവർ പെഗാസസിൽ ചർച്ച ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകി. ചര്‍ച്ചയ്‌ക്ക് തയ്യാറാകില്ലെന്ന സര്‍ക്കാരിന്റെ പിടിവാശി മൂലം രാജ്യസഭയും പ്രതിഷേധത്തിൽ മുങ്ങി.പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നുവെന്ന സർക്കാർ ആരോപണം ശരിയല്ലെന്നും കടമ നിർവഹിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും പ്രതിപക്ഷനേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ  തൃണമൂൽ കോൺഗ്രസ്‌ ഒഴികെയുള്ള പ്രതിപക്ഷ പാർടികളുടെ നേതാക്കൾ സംയുക്ത യോഗം ചേർന്നു.

പുറത്തുവന്നത്‌ 155 പേരുകൾ 
കേന്ദ്രത്തിന് മൗനം
പെഗാസസ്‌ ഫോൺ ചോർത്തലിന് ഇരയായ മുന്നൂറോളം ഇന്ത്യക്കാരിൽ 155 പേരുകൾ പുറത്തുവന്നിട്ടും അന്വേഷണത്തോട്‌ മുഖംതിരിച്ച്‌ കേന്ദ്രസർക്കാർ. കേന്ദ്ര മന്ത്രിമാര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍, സുപ്രീംകോടതി ജഡ്‌ജി, സൈനിക മേധാവികള്‍, കേന്ദ്ര അന്വേഷണ ഏജന്‍സി തലപ്പത്തുള്ളവര്‍ തുടങ്ങിയവരുടെ  ഫോൺ ചോര്‍ത്തിയതായി വെളിപ്പെട്ടെങ്കിലും പ്രതികരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറല്ല. കൂടുതൽ പേര് പുറത്തുവിടുമെന്ന്‌ പെഗാസസ്‌ ചാരപ്പണി വെളിപ്പെടുത്തിയ അന്താരാഷ്ട്ര മാധ്യമകൂട്ടായ്‌മയിൽ ഉൾപ്പെട്ട ‘ദി വയർ’ വ്യക്തമാക്കി.

നിയമപരമായ നിരീക്ഷണമല്ലാതെ മറ്റൊന്നും ഇന്ത്യയിൽ സാധ്യമല്ലെന്നാണ് കേന്ദ്രനിലപാട്. എന്നാല്‍, പെഗാസസ്‌ സോഫ്‌റ്റ്‌വെയർ ഏതെങ്കിലും ഇന്ത്യൻ ഏജൻസി വാങ്ങിയിട്ടുണ്ടോ എന്ന്‌ വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്‌, മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരും ഇതേ ആവശ്യവുമായി ഹർജി സമർപ്പിച്ചിരിക്കെ കോടതി നിലപാട്‌ നിർണായകമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top