19 August Monday

കർണാടകം: പാർലമെന്റിൽ കോൺഗ്രസ‌് പ്രതിഷേധം; രാജ്യസഭ സ്തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

ന്യൂഡൽഹി> കർണാടകത്തിൽ ജെഡിഎസ‌്–കോൺഗ്രസ‌് സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കാനുള്ള ബിജെപി നീക്കത്തിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. കോൺഗ്രസ‌് അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ പൂർണമായും സ‌്തംഭിച്ചു. ലോക‌്സഭയിൽ അടിയന്തര പ്രമേയം നിഷേധിച്ചതിൽ പ്രതിഷേധിച്ച‌് കോൺഗ്രസ‌് അംഗങ്ങൾ ഇറങ്ങിപോയി.

കർണാടക വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട‌് രാജ്യസഭയിൽ ബി കെ ഹരിപ്രസാദ‌് നോട്ടീസ‌് നൽകിയിരുന്നു. അവതരണാനുമതി നിഷേധിച്ചതോടെ കോൺഗ്രസ‌് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. 12 മണി വരെ സഭ നിർത്തി. ചോദ്യോത്തരവേള തുടങ്ങിയപ്പോഴും പ്രതിഷേധം തുടർന്നു. ഇതോടെ രണ്ടു മണിവരെ നിർത്തിയ സഭ പിന്നീട‌് ബുധനാഴ‌്ച ചേരാനായി പിരിഞ്ഞു.
കർണാടകയിലെ കുതിരക്കച്ചവടത്തിന‌് പിന്നിൽ ബിജെപിയാണെന്ന‌് കോൺഗ്രസ‌് സഭാ നേതാവ‌് അധിർ രഞ്‌ജൻ ചൗധരി ലോക‌്സഭയിൽ പറഞ്ഞു.

ബിജെപിക്ക‌് ഒരു പങ്കുമില്ലെന്നാണ‌് അവകാശപ്പെടുന്നത‌്. എന്നാൽ എംഎൽഎ രാജ‌്ഭവനിൽനിന്ന‌് ഇറങ്ങിയാലുടൻ കൊണ്ടുപോകാൻ പുറത്ത‌് കാറ‌് തയ്യാറാണ‌്. വിമാനത്താവളത്തിൽ എത്തിയാൽ വിമാനം തയ്യാറാണ‌്–- ചൗധരി പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ‌് നിരാകരിച്ചതിൽ പ്രതിഷേധിച്ച‌് അംഗങ്ങൾ പിന്നീട‌് ഇറങ്ങിപ്പോക്ക‌് നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top