18 November Monday

മാന്ദ്യം കൂടുതൽ മേഖലകളിലേക്ക്‌ ; പാർലെ 10000 പേരെ പിരിച്ചുവിടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


ബംഗളൂരു
പായ്‌ക്കറ്റുകളിൽ ബിസ്‌കറ്റിന്റെ എണ്ണം കുറച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഒടുവിൽ ഉൽപ്പാദനം കുറയ്‌ക്കാനും ജീവനക്കാരെ വെട്ടിക്കുറയ്‌ക്കാനും പാർലെയുടെ തീരുമാനം. ഇന്ത്യയിലെ ജനപ്രിയ ബിസ്‌കറ്റ്‌ ബ്രാൻഡായ പാർലെയാണ്‌ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട്‌ നട്ടം തിരിയുന്നത്‌. ചരക്കുസേവന നികുതിയിലെ ഉയർന്ന നിരക്കും തിരിച്ചടിയാണെന്ന്‌ കമ്പനി പ്രതിനിധി അറിയിച്ചു.  പതിനായിരത്തോളം ജീവനക്കാരെയാണ്‌ പാർലെ പിരിച്ചുവിടുന്നത്‌. ഉൽപ്പാദനം വെട്ടിച്ചുരുക്കാക്കും.

വാഹന, വസ്‌ത്ര മേഖലയ്‌ക്കുപിന്നാലെയാണ്‌ ലഘുഭക്ഷണ നിർമാണമേഖലയിലേക്കും മാന്ദ്യം പടരുന്നത്‌. 18 ശതമാനം ജിഎസ്‌ടി ബിസ്‌കറ്റ്‌ വിൽപ്പനയിൽ വൻ ഇടിവുണ്ടാക്കിയതാണ്‌ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക്‌ എത്തിച്ചതെന്ന്‌ പാർലെ കാറ്റഗറി ഹെഡ്‌ മായങ്ക്‌ ഷാപറഞ്ഞു. ഗ്രാമീണ മേഖലയിൽ ഏറെ ഉപഭോക്താക്കളുള്ള പാർലെ ബിസ്‌കറ്റ്‌ സാധാരണക്കാർക്കിടയിൽ വളരെ ജനപ്രീതിയാർജിച്ചതാണ്‌. കമ്പനിയുടെ മൊത്തവരുമാനത്തിന്റെ മൂന്നിൽരണ്ടും സാധാരണക്കാരിൽനിന്നാണ്‌.

ജിഎസ്ടി വർധിപ്പിച്ചപ്പോൾ അഞ്ചുരൂപയുടെ പായ്‌ക്കറ്റിനുപോലും നികുതിവന്നു. തുടർന്ന്‌ അഞ്ച്‌ രൂപ പായ്‌ക്കിൽ ഉൾപ്പെടെ ബിസ്‌കറ്റുകളുടെ എണ്ണത്തിൽ കുറവുവരുത്തി. ഇത്‌ വിൽപ്പനയെ ബാധിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 90 വർഷത്തെ പാരമ്പര്യമുള്ള പാർലെയുടെ വാർഷിക വരുമാനം 1400 കോടി ഡോളറാണ്‌. 2003ൽ ലോകത്തെ ഏറ്റവും വിൽപ്പനയുള്ള ബിസ്‌കറ്റ്‌ ആയിരുന്നു. 1929ൽ സ്ഥാപിതമായ കമ്പനിയിൽ 125 പ്ലാന്റുകളിലായി സ്ഥിരം–-താൽക്കാലിക അടിസ്ഥാനത്തിൽ ലക്ഷം തൊഴിലാളികളുണ്ട്‌.  

ബ്രിട്ടാനിയയും സമാന അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഗുരുതരമായ സ്ഥിതിവിശേഷം വിപണിയിലുണ്ടെന്ന്‌ ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ മാനേജിങ്‌ ഡയറക്ടർ വരുൺ ബെറി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top