16 June Sunday

അർധസൈനികരെ അവഗണിച്ച‌് കേന്ദ്ര സർക്കാർ; മാതൃരാജ്യത്തിനായി പോരാടുന്നവര്‍ നേരിടുന്നത് കടുത്ത നീതികേട്

സ്വന്തം ലേഖകൻUpdated: Wednesday Feb 20, 2019

ന്യൂഡൽഹി > മാതൃരാജ്യത്തിന്റെ മാനവും സുരക്ഷയും കാക്കാൻ വീറോടെ പൊരുതുന്ന അർധസൈനികവിഭാഗങ്ങൾ സർക്കാരിൽനിന്ന‌് നേരിടുന്നത‌് കടുത്ത നീതികേട‌്. അതിർത്തിയിലും ഇതര സംഘർഷഭൂമികളിലും കൃത്യനിർവഹണത്തിനിടെ ജീവൻ ബലികൊടുക്കേണ്ടിവരുന്ന കേന്ദ്രസായുധ പൊലീസ‌് സേനാംഗങ്ങളുടെ ജീവിതം പരിതാപകരമായ അവസ്ഥയിലാണ‌്. സൈന്യം ചെയ്യുന്ന എല്ലാ ജോലികളിലും അധികജോലികളിലും ഏർപ്പെട്ടിരിക്കുന്ന 10 ലക്ഷത്തോളം അർധസൈനികർ രാജ്യത്തുണ്ട‌്. ജോലിക്കിടെ കൊല്ലപ്പെടുന്ന അർധസൈനികരുടെ  ആശ്രിതർക്ക‌് ജോലി നൽകാൻപോലും ചട്ടങ്ങളില്ല. 1970നുശേഷം സിആർപി‌എഫിൽമാത്രം അയ്യായിരത്തിൽപ്പരം ജവാന്മാർക്കാണ‌് ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ടത‌്.

സിആർപിഎഫിനു പുറമെ ബിഎസ‌്എഫ‌്, സിഐഎസ‌്എഫ‌്, എസ‌്എസ‌്ബി(സശസ‌്ത്ര സീമ ബെൽ), ഇൻഡോ–-ടിബറ്റൻ അതിർത്തിസേന(ഐടിബിപി) എന്നിവയാണ‌് രാജ്യത്തിന്റെ അർധസൈനിക വിഭാഗങ്ങൾ. പാകിസ്ഥാൻ, ബംഗ്ലാദേശ‌് അതിർത്തിയിൽ മുൻനിരയിൽ സേവനമനുഷ‌്ഠിക്കുന്നത‌് ബിഎസ‌്എഫ‌് ജവാന്മാരാണ‌്. ചൈനയുമായുള്ള അതിർത്തി കാക്കുന്നത‌് ഐടിബിപിയുമാണ‌്. നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിൽ എസ‌്എസ‌്ബി നിലയുറപ്പിച്ചിരിക്കുന്നു. വ്യവസായസ്ഥാപനങ്ങൾ, മെട്രോകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല സിഐഎസ‌്എഫിനാണ‌്. നക‌്സൽബാധിത മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രപൊലീസ‌് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട‌്. ഇതിനുപുറമേ വർഗീയകലാപം, പ്രകൃതിദുരന്തം, തെരഞ്ഞെടുപ്പ‌് സുരക്ഷാജോലികൾ ‌എന്നിവയ‌്ക്കും ഈ സേനകളെ നിയോഗിക്കുന്നു.      

ആനുകൂല്യങ്ങൾ പരിമിതം

കേന്ദ്രസർക്കാരിന്റെ സിവിലിയൻ ജീവനക്കാർക്കുള്ള ചട്ടങ്ങളാണ‌് അർധസൈനികവിഭാഗങ്ങൾക്ക‌് ബാധകമാക്കിയിട്ടുള്ളത‌്. അതിനാൽ പ്രതിരോധസേനയുടെ  മൂന്ന‌് വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക‌് ലഭിക്കില്ല. സൈനികർക്ക‌് 15 വർഷം ജോലി ചെയ‌്താൽ പെൻഷനും വിരമിച്ചശേഷം സാധാരണജോലികളിൽ പുനർനിയമനവും ലഭിക്കും. അർധസൈനികർ വിരമിച്ചശേഷം പുനരധിവാസത്തിനു വ്യക്തമായ ചട്ടങ്ങളില്ല. അഞ്ച‌് ശതമാനം സംവരണം നൽകണമെന്ന‌് വ്യവസ്ഥയുണ്ടെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. മാത്രമല്ല, അർധസൈനികർ  57–60  വയസ്സ‌് വരെ ജോലി ചെയ്യണം. ദുഷ‌്കരമായ സാഹചര്യങ്ങളിൽ ഈ പ്രായംവരെ ജോലിചെയ്യുന്നത‌് മിക്കവാറും അസാധ്യമാണ‌്. 20 വർഷം സർവീസ‌് പൂർത്തീകരിച്ച‌് മിക്കവരും വിരമിക്കുന്നു. ഇതോടെ പല ആനുകൂല്യങ്ങളും കിട്ടാതെപോകുന്നു.

ദന്തേവാഡയിൽ 2010ലുണ്ടായ നക‌്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 76 സിആർപിഎഫ‌് ജവാന്മാരുടെ ആശ്രിതർക്കോ 2001ലെ പാർലമെന്റ‌് ഭീകരാക്രമണത്തെ ജീവൻനൽകി ചെറുത്ത ജവാന്മാരുടെ കുടുംബാംഗങ്ങൾക്കോ ഇതുവരെ ജോലി നൽകിയിട്ടില്ല.

നിയമന മാനദണ്ഡങ്ങൾ തുല്യം

സൈന്യത്തിന്റെയും അർധസൈനികവിഭാഗങ്ങളുടെയും നിയമന മാനദണ്ഡങ്ങളും പരിശീലനരീതിയും ഒന്നാണ‌്. അച്ചടക്കം, ശിക്ഷ എന്നീ കാര്യങ്ങളിലും തുല്യത പുലർത്തുന്നു.
എന്നാൽ, തുല്യജോലിക്ക‌് തുല്യവേതനം എന്ന ഭരണഘടനതത്വം അർധസൈനികവിഭാഗങ്ങൾക്ക‌് ബാധകമല്ല. സൈനികർക്ക‌് ഉയർന്ന ശമ്പളം, മിലിട്ടറി സർവീസ‌് പെൻഷൻ, വൺ റാങ്ക‌് വൺ പെൻഷൻ എന്നിവ ലഭിക്കുന്നു.

ദീർഘകാലത്തെ പോരാട്ടത്തിനുശേഷം കേന്ദ്രപൊലീസ‌് കാന്റീൻ സംവിധാനം അനുവദിച്ചെങ്കിലും ജിഎസ‌്ടി വന്നതോടെ വൻതിരിച്ചടിയായി. സൈനികകാന്റീനുകൾക്ക‌് ജിഎസ‌്ടി ഇളവ‌്ചെയ‌്ത‌് കൊടുത്തു. കേന്ദ്രപൊലീസ‌് കാന്റീനുകൾക്ക‌് ഈ ഇളവ‌് അനുവദിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top