21 November Thursday

ബിജെപിക്ക്‌ മാന്ദ്യം മറികടക്കാൻ തന്ത്രപരമായ കാഴ്‌ചപ്പാടില്ല‐ രൂക്ഷ വിമർശനവുമായി നിർമല സീതാരാമന്റെ ഭർത്താവ്‌ പരകാല പ്രഭാകർ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

ന്യൂഡൽഹി >  സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കെ കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങളെ കടുത്തഭാഷയിൽ വിമർശിച്ച്‌ സാമ്പത്തിക വിദഗ്‌ധനും ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ നേരിടാൻ കേന്ദ്രസർക്കാരിന്‌ തന്ത്രപരമായ കാഴ്‌ചപ്പാടില്ല. നെഹ്‌റൂവിയൻ സോഷ്യലിസത്തെ വിമർശിക്കുന്ന ബിജെപിക്ക്‌ സ്വന്തമായി സാമ്പത്തിക നയമില്ല. ജനസംഘത്തിന്റെ കാലംമുതലുള്ള രീതിയാണിത്. 

 മുതലാളിത്ത, സ്വതന്ത്ര വിപണി ചട്ടക്കൂടിൽ ഊന്നിയതാണ്‌ ബിജെപിയുടെ സാമ്പത്തികനയം. ഇത്‌ ഇതുവരെ പരീക്ഷിച്ച്‌ വിജയംനേടിയിട്ടില്ല. എന്താണ്‌ തങ്ങളുടെ ‘നയം’ എന്ന്‌ വ്യക്തമാക്കാതെ ‘ഇതല്ല, ഇതല്ല’ എന്ന്‌ പറയുന്നതാണ്‌ ബിജെപിയുടെ രീതിയെന്നും പ്രഭാകർ പറഞ്ഞു.  ദി ഹിന്ദു പത്രത്തിലെ ലേഖനത്തിലാണ്‌ പ്രഭാകർ അഭിപ്രായങ്ങൾ മുന്നോട്ടുവെച്ചത്‌. ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ ആശയവിനിമയ ഉപദേഷടാവായിരുന്നു പ്രഭാകർ.

 നെഹ്‌റൂവിയൻ സാമ്പത്തിക നയങ്ങളെ രാഷ്‌ട്രീയമായി ആക്രമിക്കുന്നത്‌ ബിജെപി തുടരുമ്പോഴും, അതിനൊരു സാമ്പത്തികമാനം നൽകാൻ അവരുടെ വിദഗ്‌ധർക്ക്‌ കഴിഞ്ഞിട്ടില്ല. പി വി നരസിംഹറാവു–-മൻമോഹൻ സിങ്‌ കാലത്തെ സാമ്പത്തിക നയത്തെ പൂർണ്ണമായി പുൽകുകയാണ്‌ ഈ മാന്ദ്യത്തിൽനിന്ന്‌ കരകയറാൻ ബിജെപി ചെയ്യേണ്ടത്‌.

 ബിജെപിയുടെ രാഷ്‌ട്രീയ പദ്ധതിയുടെ ബിംബമായി സർദാർ വല്ലഭായ്‌ പട്ടേലിനെ ഏറ്റെടുത്തപോലെ റാവുവിനെയും ഏറ്റെടുക്കാവുന്നതാണ്‌. 1991ലെ റാവുവിന്റെ സാമ്പത്തിക നയത്തെ വെല്ലുവിളക്കുകയോ തള്ളിക്കളയുകയോ ചെയ്‌തിട്ടില്ലെന്ന ആനുകൂല്യം ബിജെപിക്ക്‌ ഉപയോഗിക്കാം. പ്രക്ഷുബ്‌ദമായ സാമ്പത്തിക രംഗത്തെ കരകയറ്റാൻ മോഡി സർക്കാരിനു മുന്നിലുള്ള വഴിയിതാണെന്നും പ്രഭാകർ പറയുന്നു.

‘ഇന്ത്യ തിളങ്ങുന്നു’ എന്ന സാമ്പത്തികനയത്തിൽ ഊന്നിയുള്ള വാജ്‌പെയ്‌ സർക്കാരിന്റെ കാലത്തെ പ്രചരണം പരാജയപ്പെട്ടത്‌ ബിജെപി തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ സർക്കാരിന്റെ സാമ്പത്തിക മേഖലയിലെ പ്രകടനം ബിജെപി ഉയർത്തിക്കാട്ടുന്നില്ല. രാഷ്‌ട്രീയ ശക്തിപ്രകടനം, ദേശീയത, രാജ്യസുരക്ഷാ എന്നിവയാണ്‌ ബിജെപി തന്ത്രപൂർവ്വം ഉപയോഗിക്കുന്നതെന്നും പ്രഭാകർ ചൂണ്ടിക്കാട്ടുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top