29 November Monday
ഇന്ത്യയിൽനിന്ന്‌ 6 രാഷ്ട്രീയക്കാർ

പൻഡോറ തുറന്നിട്ട സാമ്പത്തിക തിരിമറിയുടെ സുനാമി ; ലോക നേതാക്കൾ മുതൽ മാഫിയ തലവന്മാർവരെ

റിസർച്ച്‌ ഡെസ്‌ക്‌Updated: Wednesday Oct 6, 2021


ലോകത്തിലെ സമ്പന്നരും അധികാരകേന്ദ്രങ്ങളിലെ പ്രധാനികളും ഭാഗമായ നിഴൽ സാമ്പത്തിക വ്യവസ്ഥയെ തുറന്നുകാട്ടി പൻഡോറ രേഖകൾ. ഇവരുടെ അനധികൃത സമ്പത്തിക ഇടപാടിന്റെ വിവരങ്ങളാണ്‌ പൻഡോറ പെട്ടി തുറന്നപ്പോൾ പുറത്തുവന്നത്‌. പൻഡോറ രേഖകൾക്കായി ഇന്റർനാഷണൽ കൺസോർഷ്യം ഓഫ്‌ ഇൻവെസ്റ്റിഗേറ്റീവ്‌ ജേർണലിസ്റ്റ്‌ (ഐസിഐജെ) നടത്തിയത്‌ മാധ്യമപ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണം. 117 രാജ്യത്തെ 150 മാധ്യമസ്ഥാപനത്തിലെ 600 മാധ്യമ പ്രവർത്തകർ ഭാഗമായി.

രഹസ്യനിക്ഷേപം നടത്താൻ സഹായിക്കുന്ന വിദേശ രാജ്യങ്ങളിലെ 14 ധന, നിയമ സ്ഥാപനത്തിൽനിന്ന്‌ ചോർത്തിയെടുത്ത അതീവ രഹസ്യസ്വഭാവമുള്ള 1.19 കോടി രേഖ ഒരു വർഷത്തോളമെടുത്ത്‌ ഇതിനായി പരിശോധിച്ചു. 2.94 ടിബി ഡാറ്റ പരിശോധിക്കേണ്ടിവന്നു. 1996 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ നിക്ഷേപങ്ങളുടെ രേഖകൾ പരിശോധിക്കാൻ മെഷീൻ ലേണിങ്‌ സാങ്കേതികവിദ്യ അടക്കം ഉപയോഗിച്ചു. ഐസിഐജെ 2016ൽ പുറത്തുവിട്ട പനാമ രേഖകളും ഏറെ കോളിളക്കം സൃഷ്ടിച്ചു.

3926 കടലാസ്‌ കമ്പനി ഉണ്ടാക്കാൻ ബാങ്കുകൾ സഹായം നൽകി. ഇതിനായി ഇടപെടൽ നടത്തിയത്‌ മുൻ യുഎസ്‌ അംബാസഡറാണ്‌. കടലാസ്‌ കമ്പനി, ഫൗണ്ടേഷൻ, ട്രസ്റ്റുകൾ തുടങ്ങിയവ സൃഷ്ടിച്ചാണ്‌ ഇടപാടുകൾ. റിയൽ എസ്റ്റേറ്റ്, യാച്ചുകൾ, ജെറ്റുകൾ, ലൈഫ് ഇൻഷുറൻസ് എന്നിവ വാങ്ങാനും നിക്ഷേപങ്ങൾ നടത്താനും ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം തിരിമറി നടത്തുന്നതിനും ഇവ ഉപയോഗിക്കും. തുടർന്ന്‌ നിയമ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സഹായത്തോടെ തയ്യാറാക്കുന്ന സാമ്പത്തിക പദ്ധതികളിലൂടെ നികുതി വെട്ടിക്കും. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്നും രേഖകളിൽ പറയുന്നു.

35 ലോക നേതാക്കൾ, 130 കോടീശ്വരന്മാർ
പൻഡോറ രേഖകളിൽ ഉൾപ്പെട്ടവരിൽ 336 പേർ രാഷ്ട്രീയ നേതാക്കളാണ്‌. 35 പേർ ലോക നേതാക്കൾ. 130 പേർ ഫോബ്‌സ്‌ മാസികയുടെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചവർ. സെലിബ്രറ്റികൾ, മതനേതാക്കൾ, രാജകുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി അധോലോക മാഫിയ തലവന്മാർവരെ നീളുന്നതാണ്‌ പട്ടിക. 200 രാജ്യത്തുനിന്നുള്ള 29,000 പേരുടെ അനധികൃത ഇടപാടുകളുണ്ട്‌.

ഇന്ത്യയിൽനിന്ന്‌ ആറ്‌ രാഷ്ട്രീയക്കാർ പട്ടികയിലുണ്ട്‌. അന്തരിച്ച കോൺഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സതീഷ്‌ ശർമയുടെ പേര്‌ മാത്രമാണ്‌ പുറത്തുവന്നത്‌. സച്ചിൻ ടെൻഡുൽക്കർ, വ്യവസായികളായ അനിൽ അംബാനി, വിനോദ്‌ അദാനി, കിരൻ മജുംദാർ ഹാ, സമീർ ഥാപ്പർ, പൂർവി മോദി, 2ജി അഴിമതിയുടെ ഭാഗമായ നീര റാഡിയ, അധോലോക കുറ്റവാളി ഇക്‌ബാൽ മിർച്ചി, നടൻ ജാക്കി ഷെറോഫ്‌ എന്നിവരാണ്‌ ഇന്ത്യയിൽനിന്നുള്ളത്‌. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, അന്താരാഷ്ട്ര കുറ്റവാളി റാഫേൽ അമാറ്റോ തുടങ്ങി വലിയനിരയാണ്‌ പട്ടികയിലുള്ളത്‌.

ലണ്ടൻ നികുതി വെട്ടിപ്പ്‌ കേന്ദ്രം
റിപ്പോർട്ടിൽ പ്രതിപാദിക്കപ്പെട്ടവരിൽ ഭൂരിഭാഗവും നികുതി വെട്ടിക്കാൻ ലണ്ടൻ കേന്ദ്രമാക്കിയെന്ന്‌ വ്യക്തമായതോടെ കള്ളപ്പണം വെളുപ്പിക്കൽ നിയമം കർക്കശമാക്കണമെന്ന ആവശ്യം ബ്രിട്ടനിൽ ശക്തമാകുന്നു. വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെ നികുതിവെട്ടിപ്പ്‌ വിവരമടങ്ങിയ 1.2 കോടി ഫയലുകളാണ്‌ പൻഡോറ റിപ്പോർട്ടായി പുറത്തുവന്നത്‌. ഇതിൽ ജോർദാൻ ഭരണാധികാരി അബ്ദുള്ള രണ്ടാമൻ, അസർബായിജാൻ പ്രസിഡന്റ്‌ ഇൽഹം അലിയെവ്‌, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്തയാളുകൾ തുടങ്ങി നിരവധിപേർക്ക്‌ ലണ്ടനിൽ നിക്ഷേപമുണ്ടെന്ന വിവരമുണ്ട്‌.

ഗ്ലോബൽ വിറ്റ്‌നസ്‌ 2019ൽ പുറത്തുവിട്ട വിവരമനുസരിച്ച്‌ ഇംഗ്ലണ്ടിലും വെയ്‌ൽസിലുമായി കെട്ടിടവും സ്ഥലവുമുൾപ്പെടെ 87,000 വസ്തുക്കൾ വിദേശികളുടെ ഉടമസ്ഥതയിലാണ്‌. പൻഡോറ പേപ്പറുകൾ പരിശോധിക്കുമെന്ന്‌ ട്രഷറി സെക്രട്ടറി റിഷി സുനാക്‌ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top