03 March Wednesday

എസ്‌ പി ബിക്ക്‌ പത്മവിഭൂഷൺ, കെ എസ്‌ ചിത്രക്ക്‌ പത്മഭൂഷൺ; കൈതപ്രത്തിന്‌ പത്മശ്രീ

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021


ന്യൂഡൽഹി
ഗായകൻ എസ്‌ പി ബാലസുബ്രഹ്മ‌ണ്യത്തിന്‌ മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ. ഗായിക കെ എസ്‌ ചിത്രയ്‌ക്ക്‌ പത്‌മഭൂഷൺ. ഗാനരചയിതാവ്‌ കൈതപ്രം ദാമോദരൻ നമ്പൂതിരി, കായിക പരിശീലകൻ മാധവൻ നമ്പ്യാർ (സ്പോർട്‌സ്‌), തോല്‍പാവക്കൂത്ത് കലാകാരന്‍ കെ കെ രാമചന്ദ്ര പുലവർ (ആർട്ട്‌), ബാലൻ പുത്തേരി (സാഹിത്യം–- വിദ്യാഭ്യാസം), ബോംബെ ജയശ്രീ തുടങ്ങിയവർക്ക്‌ പത്‌മശ്രീ. കൽപ്പറ്റയിൽ പതിറ്റാണ്ടുകളായി ആതുരസേവനം നടത്തുന്ന ഡോ. ധനഞ്‌ജയ്‌ ദിവാകർ സാഗ്‌ദേവിനും പത്‌മശ്രീയുണ്ട്‌.

പത്‌മവിഭൂഷൺ ഏഴ്‌ പേർക്ക്‌ ലഭിച്ചപ്പോൾ 10 പേർക്ക്‌ പത്‌മഭൂഷണും 102 പേർക്ക്‌ പത്‌മശ്രീയും നൽകി.
പുരസ്‌കാര ജേതാക്കളിൽ 10 പേർ വിദേശികള്‍‌. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെ, ഡോ. ബെല്ലെ മൊനപ്പ ഹെഗ്‌ഡെ (മെഡിസിൻ), മൗലാനാ വഹിയുദീൻ ഖാൻ (ആത്‌മീയം), ബി ബി ലാൽ (ആർക്കിയോളജി), സുദർശൻ സാഹൂ (കല) എന്നിവർക്ക്‌ പത്‌മവിഭൂഷൺ. ശാസ്‌ത്ര–-സാങ്കേതിക വിഭാഗത്തിൽ അമേരിക്കയിൽനിന്നുള്ള നരീന്ദർ സിങ്‌ കപാനി‌ക്ക്‌ മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ നൽകി.


 

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്‌, മുൻ കേന്ദ്രമന്ത്രി രാംവിലാസ്‌ പസ്വാൻ,  ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി കേശുഭായ്‌ പട്ടേൽ എന്നിവർക്ക്‌ മരണാനന്തര ബഹുമതിയായി പത്‌മഭൂഷൺ നൽകി. ലോക്‌സഭാ സ്‌പീക്കറായിരുന്ന സുമിത്ര മഹാജൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര, സാഹിത്യകാരൻ ചന്ദ്രശേഖരൻ കമ്പാര്‍, രാജ്യസഭാംഗം തർലോചൻ സിങ്,‌ വ്യവസായി രജനീകാന്ത്‌ ദേവീദാസ്‌ ഷ്‌റോഫ്‌ എന്നിവർക്ക്‌ പത്‌മഭൂഷൺ നൽകി. ഷിയാ വിഭാഗത്തിൽനിന്നുള്ള ഇസ്ലാമിക പണ്ഡിതനായ കൽപെ സാദിഖിന്‌ മരണാനന്തര ബഹുമതിയായി പത്‌മഭൂഷൺ നൽകി. കായിക താരങ്ങളായ പി അനിത, വീരേന്ദർ സിങ്‌, മൗമ ദാസ്‌ എന്നിവർക്ക്‌ പത്‌മശ്രീയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top