21 July Sunday

മോഡിക്കെതിരെ വിധിയെഴുതാൻ കോയമ്പത്തൂർ

വി ജയിൻUpdated: Tuesday Mar 26, 2019

കോയമ്പത്തൂർ
തമിഴ്നാട്ടിലെ മതനിരപേക്ഷ പുരോഗമന മുന്നണി സ്ഥാനാർഥിയായി കോയമ്പത്തൂരിൽ മത്സരിക്കുന്ന സിപിഐ എം നേതാവ് പി ആർ നടരാജന്റെ വിജയത്തിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ  വ്യവസായ നഗരത്തിൽ ഊർജിതമായി. പാർലമെന്റ് മണ്ഡലം  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഗാന്ധിപുരം സെക്കൻഡ് സ്ട്രീറ്റിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ തിങ്കളാഴ്ച ഉദ്ഘാടനംചെയ്തു. ഡിഎംകെ അടക്കം മുന്നണിയിലെ എല്ലാ ഘടക കക്ഷികളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഡിഎംകെയുടെയും സിപിഐ എമ്മിന്റെയും സ്വാധീനമേഖലയാണ് കോയമ്പത്തൂർ. തമിഴ്നാട്ടിൽ സിപിഐ എമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏക മണ്ഡലം. 2009ലെ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥിയായി കോയമ്പത്തൂരിൽനിന്ന് ജയിച്ച പി ആർ നടരാജന‌്  ജനങ്ങളുമായി ഹൃദയബന്ധമുണ്ട്. പി ആർ നടരാജൻ എംപിയായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജുകളടക്കം നിരവധി പാലം നിർമിച്ചത്. നഗരത്തിൽ മെട്രോ റെയിലിന്റെ സാധ്യത ആരായാൻ ഇ ശ്രീധരനുമായി ചർച്ച നടത്തുകയും ചെയ്തു.

കോയമ്പത്തൂരിലെ സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, കുടിവെള്ള പ്രശ്നമടക്കമുള്ള ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പി ആർ നടരാജൻ ‘ദേശാഭിമാനി'യോട് പറഞ്ഞു. മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവും തമിഴ്നാട്ടിലെ എഐഎഡിഎംകെ ഭരണവും ചേർന്ന് തകർത്ത തമിഴകത്തിന്റെ പ്രതീകമാണ് കോവൈ നഗരം. ജനങ്ങൾക്ക് ഈ ഭരണങ്ങളോടുള്ള ശക്തമായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവൈ നോർത്ത്, കോവൈ സൗത്ത്, സിംഗനല്ലൂർ, കൗണ്ടം പാളയം, സൂലൂർ, പല്ലടം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലം. 17.20 ലക്ഷം വോട്ടർമാരുണ്ട്. പാർവതി കൃഷ്ണൻ, കെ രമണി, കെ ബാലദണ്ഡായുധം, കെ സുബ്ബരായൻ, പി ആർ നടരാജൻ എന്നീ കമ്യൂണിസ്റ്റ് നേതാക്കളെ ലോക‌്സഭയിലേക്ക‌് അയച്ച നഗരമാണിത്.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ പത്തിനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട് ഏപ്രിൽ 14 നും  ബൃന്ദ കാരാട്ട് ഏപ്രിൽ ആറിനും കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി ഏപ്രിൽ മൂന്നിന് നടക്കും. കോയമ്പത്തൂർ നഗരത്തിലെ മലയാളികളും പി ആർ നടരാജന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേകം പ്രചാരണം നടത്തും.

മാഞ്ചസ്റ്ററിനെ തകർത്ത ബിജെപി വാഴ്ച
കോയമ്പത്തൂർ
ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെട്ടിരുന്ന കോയമ്പത്തൂർ നഗരത്തിൽ വ്യവസായങ്ങളുടെ മരണമണി മുഴങ്ങുകയാണ്.
മോഡി സർക്കാർ നടപ്പാക്കിയ നോട്ട‌് നിരോധനവും ജിഎസ‌്ടിയും വ്യവസായ നഗരത്തെ അടിമുടി ഉലച്ചു. കോയമ്പത്തൂർ നഗരത്തിലും പരിസരങ്ങളിലുമായി  കാൽലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ പൂട്ടി. ലക്ഷക്കണക്കിന‌് തൊഴിലാളികളാണ് വഴിയാധാരമായത്.

വാട്ടർ പമ്പുകളുടെ നിർമാണം കോയമ്പത്തൂരിന്റെ കുത്തകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയശേഷം വാട്ടർ  പമ്പുകളുടെ ഉൽപ്പാദനവും  വിറ്റുവരവും  പകുതിയായി. ജിഎസ്ടി വരുംമുമ്പ് കോയമ്പത്തൂരിൽ മാത്രം അയ്യായിരം  വാട്ടർ പമ്പ് നിർമാണ യൂണിറ്റുകൾ ഉണ്ടായിരുന്നുവെന്ന് വാട്ടർ പമ്പ് നിർമാതാക്കളുടെ സംഘടനയായ കോപ്പ്മയുടെ പ്രസിഡന്റ് മണിരാജ് ദേശാഭിമാനിയോട് പറഞ്ഞു. ജിഎസ്ടിക്ക‌ു മുമ്പ് അഞ്ചു ശതമാനം വാറ്റ് ആയിരുന്നു. ജിഎസ്ടി വന്നശേഷം ജോബ് ഓർഡറുകൾക്കും നികുതി ചുമത്തി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള പമ്പു സെറ്റുകളിൽ 80 ശതമാനം കോയമ്പത്തൂരിലാണ് ഉൽപ്പാദിപ്പിച്ചിരുന്നത്.
അഞ്ചു ലക്ഷത്തിലധികം പേർ തൊഴിൽ ചെയ്തിരുന്ന മേഖലയിൽ ഇപ്പോൾ പകുതി തൊഴിലാളികളേയുള്ളൂവെന്ന് മണിരാജ് പറഞ്ഞു. വെറ്റ് ഗ്രൈൻഡർ അടക്കം നിരവധി വൈദ്യുതോപകരണങ്ങളുടെയും സ്പെയർ പാർടുകളുടെയും നിർമാണം നടത്തുന്ന  ചെറു യൂണിറ്റുകളിൽ പകുതിയിലധികം പൂട്ടി.


പ്രധാന വാർത്തകൾ
 Top