13 November Wednesday

ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ്‌ ബുധനാഴ്‌ച അറസ്‌റ്റ്‌ ചെയ്യും

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2019

ന്യൂഡൽഹി >  ഐഎൻഎക്‌സ്‌ മീഡിയ കേസിൽ ചിദംബരത്തെ ബുധനാഴ്‌ച അറസ്‌റ്റ്‌ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്‌ പ്രത്യേകകോടതി അനുമതിയേകി. കേസില്‍ നിലവില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. അരമണിക്കൂർ കോടതിപരിസരത്ത്‌ ചോദ്യംചെയ്‌തശേഷം ചിദംബരത്തെ കസ്‌റ്റഡിയിൽ എടുക്കാൻ അപേക്ഷ നൽകാമെന്ന്‌ ജഡ്‌ജി ഇഡിയോട് നിർദേശിച്ചു.  ചോദ്യംചെയ്‌തശേഷം അദ്ദേഹത്തെ തിഹാർ ജയിലിലെത്തിച്ച്‌ അറസ്‌റ്റ്‌ ചെയ്യാമെന്നും ജഡ്‌ജി പറഞ്ഞു.

 എന്നാൽ, ചിദംബരത്തിനെ കോടതി പരിസരത്തുനിന്ന്‌ അറസ്‌റ്റ്‌ ചെയ്യാൻ അനുവദിക്കണമെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ആവശ്യപ്പെട്ടു. വ്യക്തികളുടെ അന്തസ്സ്‌ മാനിക്കണമെന്ന്‌ കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന്‌, ചിദംബരത്തിനെ ബുധനാഴ്‌ച രാവിലെ അറസ്‌റ്റ്‌ചെയ്‌ത്‌  വൈകിട്ട്‌ കോടതിയിൽ ഹാജരാക്കാമെന്നും എൻഫോഴ്‌സ്‌മെന്റ്‌ അറിയിച്ചു.

 അതേസമയം, ഐഎൻഎക്‌സ്‌ മീഡിയ കേസിൽ തന്റെ കസ്‌റ്റഡി നീട്ടണമെന്ന്‌ സിബിഐ ആവശ്യപ്പെടുന്നത്‌ അവഹേളിക്കാൻവേണ്ടി മാത്രമെന്ന്‌  പി ചിദംബരം സുപ്രീംകോടതിയിൽ വാദിച്ചു.  ബുധനാഴ്‌ച സിബിഐ വാദങ്ങൾകൂടി പരിഗണിച്ചശേഷം ജാമ്യം നൽകുന്ന വിഷയത്തിൽ തീരുമാനം എടുക്കാമെന്ന്‌ ജസ്റ്റിസ്‌ ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ച്‌ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top