21 October Monday

ചിദംബരം തിഹാർ ജയിലിൽ

എം അഖിൽUpdated: Friday Sep 6, 2019

ന്യൂഡൽഹി
ഐഎൻഎക്‌സ്‌ മീഡിയ കേസിൽ സിബിഐ കസ്‌റ്റഡി കാലാവധി കഴിഞ്ഞ പി ചിദംബരത്തെ തിഹാറ ജയിലിലേക്ക്‌ മാറ്റി.  രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട്‌ സൗത്ത്‌ അവന്യുവിലെ പ്രത്യേക കോടതിയാണ്‌ ഉത്തരിവിട്ടത്‌. ഈ മാസം 19 വരെ തിഹാർ ജയിലിൽ കഴിയണം.  വെള്ളിയാഴ്‌ചയാണ്‌ ചിദംബരത്തെ കോടതിയിൽ ഹാജരാക്കിയത്‌.

സ്വാഭാവിക നടപടിക്രമം പാലിച്ച്‌ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ആവശ്യപ്പെട്ടു. പൊലീസ്‌ കസ്റ്റഡി കഴിഞ്ഞാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന്‌ നിയമമില്ലെന്ന്‌ ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സിബിഐയുടെ ആവശ്യം ജഡ്‌ജി അജയ്‌കുമാർ കുഹാർ അംഗീകരിച്ചു.

തിഹാർ ജയിലിൽ  പ്രത്യേകസൗകര്യങ്ങൾ തേടി ചിദംബരം സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. പ്രത്യേക സെൽ, കുളിമുറി, യൂറോപ്യൻ ക്ലോസറ്റ്‌, സെഡ്‌ ക്യാറ്റഗറി സുരക്ഷ, കണ്ണട, മരുന്ന്‌ തുടങ്ങിയവ അനുവദിക്കണമെന്ന അപേക്ഷയാണ്‌ അംഗീകരിച്ചത്‌. സാമ്പത്തിക കുറ്റവാളികൾക്കുള്ള ഏഴാംനമ്പർ മുറിയിലായിരിക്കും ചിദംബരത്തെയും പാർപ്പിക്കുക. ഐഎൻഎക്‌സ്‌ കേസുമായി ബന്ധപ്പെട്ട്‌ ചിദംബരത്തിന്റെ മകൻ കാർത്തി നേരത്തെ ഈ മുറിയിൽ കഴിഞ്ഞിട്ടുണ്ട്‌.അതേസമയം,  അറസ്റ്റ്‌ ഒഴിവാക്കാൻ ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സാമ്പത്തിക കുറ്റങ്ങളിൽ മുൻകൂർ ജാമ്യം അവകാശമല്ലെന്ന്‌ ജസ്റ്റിസ്‌ ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ച്‌ നിരീക്ഷിച്ചു.

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ്‌  ചിദംബരത്തെ അറസ്റ്റ്‌ ചെയ്യേണ്ടതാണ്‌. എന്നാൽ, തിഹാർ ജയിലിലേക്ക്‌ വിട്ട സാഹചര്യത്തിൽ സാവകാശം തുടർനടപടികൾ സ്വീകരിച്ചാൽമതിയെന്ന നിലപാടിലാണ്‌ എൻഫോഴ്‌സ്‌മെന്റ്‌.  പരമാവധി ദിവസം തിഹാറിൽ പാർപ്പിക്കാനുള്ള അവസരമുണ്ടാക്കാനാണ്‌ ഇതെന്ന്‌ ആക്ഷേപമുണ്ട്‌. എൻഫോഴ്‌മെന്റിന്‌ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്റെ അപേക്ഷ 12ന്‌ പരിഗണിക്കുമെന്ന്‌ പ്രത്യേക കോടതി അറിയിച്ചു.

ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്‌ ആഗസ്‌ത്‌ 21നാണ്‌ ചിദംബരത്തെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌. ആഗസ്‌ത്‌ 22ന്‌ പ്രത്യേക കോടതി അദ്ദേഹത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ആഗസ്‌ത്‌ 26, 30 തീയതികളിൽ  കസ്‌റ്റഡി കാലാവധി നീട്ടി.


പ്രധാന വാർത്തകൾ
 Top