18 September Wednesday

ഐഎന്‍എക്‌സ് അഴിമതി: ഉറക്കമില്ലാത്ത രാത്രി ആശ്വാസമില്ലാത്ത പകൽ

എം അഖിൽUpdated: Tuesday Apr 23, 2019

ന്യൂഡൽഹി
ഐഎൻഎക്‌സ്‌ കേസിൽ അറസ്‌റ്റിലായ പി ചിദംബരത്തെ ആദ്യം കൊണ്ടുപോയത്‌ സിബിഐ ആസ്ഥാനമന്ദിരത്തിലേക്ക്‌. താഴത്തെ നിലയിലെ ലോക്കപ്പ്‌ സ്യൂട്ട്‌  മുറിയിലാണ്‌  താമസം ഒരുക്കിയത്‌. സിബിഐ ക്യാന്റീനിൽനിന്ന്‌ ഭക്ഷണം എത്തിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. വീട്ടിലെ  ഭക്ഷണം കഴിക്കാനാണ്‌ താൽപ്പര്യമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു. കോടതി അനുവദിച്ചാലേ അനുമതി നൽകാനാകൂവെന്ന്‌ ഉദ്യോഗസ്ഥർ പ്രതികരിച്ചു. നേരത്തെ ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ എഴുപത്തിമൂന്നുകാരനായ ചിദംബരത്തെ വിശദമായി പരിശോധിച്ചിരുന്നു.

രാത്രി പന്ത്രണ്ടോടെ സിബിഐ ഡയറക്ടർ ഋഷികുമാർ ശുക്ല ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചിദംബരത്തെ ചോദ്യംചെയ്യാൻ  തുടങ്ങി. ഡൽഹി ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചശേഷം ഒളിവിൽ പോയതാണോ? ഒളിവിൽ വേറെ മൊബൈലുകൾ ഉപയോഗിച്ചിരുന്നോ?  ഒളിവിലുള്ള സമയത്ത്‌ ആരെയൊക്കെ കണ്ടു?’ തുടങ്ങിയവയായിരുന്നു ആമുഖമായി ചോദിച്ചത്‌. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു അഭിഭാഷകരുടെ ഉപദേശമെന്നും അതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ചിദംബരം പ്രതികരിച്ചു.

ഐഎൻഎക്‌സ്‌ മീഡിയ സ്ഥാപകരായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയുമായുള്ള ബന്ധം, ഇടപാടിലുള്ള പങ്ക്‌, മകൻ കാർത്തിയുടെ പേരിലുള്ള കടലാസ്‌കമ്പനികൾ, വിദേശരാജ്യത്തെ സ്വത്തുക്കൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു അടുത്ത ചോദ്യങ്ങൾ. വ്യക്തമായി മറുപടി ഉണ്ടായില്ല. മുൻകൂർജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന്‌ നെട്ടോട്ടത്തിലായിരുന്ന ചിദംബരത്തിന്‌ രണ്ടുദിവസത്തെ ഉറക്കക്ഷീണമുണ്ടായിരുന്നു.
 
കോടതിയിൽ ഹാജരാക്കുംമുമ്പ്‌ ആറ്‌ മണിക്കൂറെങ്കിലും വിശ്രമം നൽകണമെന്ന്‌ വ്യവസ്ഥയുള്ളതിനാൽ പുലർച്ചെ രണ്ടോടെ ചോദ്യംചെയ്യൽ അവസാനിപ്പിച്ചു. വ്യാഴാഴ്‌ച രാവിലെ എട്ടോടെ വീണ്ടും ചോദ്യംചെയ്യൽ തുടങ്ങി. മൂന്ന്‌ മണിക്കൂറിനുശേഷം റൂസ്‌ അവന്യൂവിലെ സിബിഐ പ്രത്യേകകോടതിയിലേക്ക്‌ കൊണ്ടുപോയി. ഭാര്യ നളിനിയും മകൻ കാർത്തിയും കപിൽസിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘവും കോടതിയിൽ ഉണ്ടായിരുന്നു. വെള്ളഷർട്ടും മുണ്ടും ധരിച്ച്‌ കോടതിയിൽ എത്തിയ ചിദംബരത്തിന്‌ സിബിഐയ്‌ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത കസേര വാഗ്‌ദാനം ചെയ്‌തു. നന്ദിപൂർവം അത്‌ നിരസിച്ച ചിദംബരം വാദംകേൾക്കൽ പൂർത്തിയാകുംവരെ കോടതിയിൽ നിന്നു. സിബിഐ ആസ്ഥാനത്തും കോടതി പരിസരത്തും വൻസുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top